murder-

ഹൈദരബാദ്: കാറിൽ സഞ്ചരിക്കുകയായിരുന്ന അഭിഭാഷക ദമ്പതികളെ പിടിച്ചിറക്കി നടുറോഡിലിട്ട് വെട്ടിക്കൊന്നു. തെലുങ്കാനയിലെ വാമന റാവു, നാഗമണി എന്നിവരാണ് മരിച്ചത്. ഹൈദരബാദിൽ നിന്ന് സ്വദേശമായ മാത്താനിയിലേക്ക് പോകുന്നതിനിടെയാണ് ക്രൂരമായ കൊലപാതകം നടന്നത്.

രാമഗിരിക്ക് സമീപത്തുവച്ച് അജ്ഞാതരായ സംഘം വാഹനം തടഞ്ഞ് ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. വാമന റാവുവിന് നേരെയുള്ള ആക്രമണം തടയുന്നതിനിടെയാണ് നാഗമണിക്കും വെട്ടേറ്റത്. ഗുരുതരാവസ്ഥയിലായ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.. ആശുപത്രിയിലേക്ക് കൊണ്ടുംപോകുംവഴി വാമനറാവു നൽകിയ മരണമൊഴിയുടെ അടിസ്ഥാനത്തിൽ അക്രമിസംഘത്തിലെ ഒരാളെ പൊലീസ് തിരിച്ചറിഞ്ഞു. ഗഞ്ജപട്ഗു സ്വദേശിയായ കുന്ത ശ്രീനിവാസാണ് അറസ്റ്റിലായത്. തെലങ്കാന രാഷ്ട്രീയ സമിതിയുടെ പ്രാദേശിക നേതാവാണ് കുന്ത ശ്രീനിവാസ്.

മുൻവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. ടി.ആ‍ർ.എസുമായി ബന്ധപ്പെട്ട കേസുകളിൽ ഇടപെട്ടതിനെ തുടർന്ന് വാമനറാവുവിനെതിരെ വധ ഭീഷണി ഉണ്ടായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.