
മുംബയ്: പ്രമുഖ ബോളിവുഡ് നടൻ സന്ദീപ് നഹറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭാര്യ കാഞ്ചൻ ശർമയ്ക്കും അവരുടെ അമ്മയ്ക്കുമെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്ത് മുംബയ് പൊലീസ്. സന്ദീപിന്റെ കുടുംബാംഗത്തിന്റെ പരാതിയിലാണിത്. മരണത്തിന് മുമ്പായി, ഭാര്യയെയും ഭാര്യാമാതാവിനെയും കുറ്റപ്പെടുത്തുന്ന വീഡിയോ നഹർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ മുറിയിൽ നിന്നു കിട്ടിയ കത്തിൽ, ബോളിവുഡ് സിനിമ വ്യവസായത്തിലെ രാഷ്ട്രീയവും താൻ നേരിടുന്ന അവഗണനയും പരാമർശിച്ചിരുന്നതായി പൊലീസ് പറഞ്ഞിരുന്നു.
ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. എന്നാൽ, ആത്മഹത്യാകുറിപ്പിൽ ആർക്കുമെതിരെ നടപടിയെടുക്കരുതെന്ന് പറഞ്ഞിട്ടുണ്ടല്ലോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മുംബയ് പൊലീസ് പ്രതികരിച്ചില്ല. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.