imran-khan

കൊളംബോ: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ശ്രീലങ്കൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് നടത്താനിരുന്ന പ്രസംഗം വേണ്ടെന്ന്‌വച്ച് ശ്രീലങ്കൻ സർക്കാർ. പ്രസംഗത്തിൽ കാശ്മീർ പ്രശ്നം പരാമർശിക്കാനുളള സാദ്ധ്യത മുന്നിൽ കണ്ടാണ് തീരുമാനം. രണ്ടുദിന ശ്രീലങ്കൻ സന്ദർശന വേളയിൽ ഫെബ്രുവരി 24 ന് ഖാൻ ശ്രീലങ്കൻ പാർലമെന്റിൽ സംസാരിക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

ശ്രീലങ്കൻ സ്പീക്കർ മഹീന്ദ്ര അഭയ്‌വർദ്ധന വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൻമാരുമായി കഴിഞ്ഞയാഴ്ച നടത്തിയ യോഗത്തിൽ ഇക്കാര്യം അറിയിച്ചിരുന്നു. രണ്ടുദിന സന്ദർശന വേളയിൽ ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രജപക്ഷെ, പ്രധാനമന്ത്രി മഹീന്ദ്ര രജപക്ഷെ, വിദേശകാര്യ മന്ത്രി ദിനേശ് ഗുണവർദ്ധന എന്നിവരുമായി കൂടിക്കാഴ്ച നടത്തുവാനും ഖാൻ തീരുമാനിച്ചിരുന്നു. അദ്ദേഹത്തിന്റെ പാർലമെന്റ് സന്ദർശനം നടക്കില്ലെന്നും ശ്രീലങ്കൻ പര്യടനം തീരുമാനിച്ചപോലെ നടക്കുമെന്നും വിദേശകാര്യ മന്ത്രി ഗുണവർദ്ധനെ വ്യക്തമാക്കിയതായി വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അന്താരാഷ്ട്ര വേദികളിൽ കാശ്മീർ പ്രശ്നം ഉന്നയിക്കുക എന്നത് പാകിസ്ഥാൻ സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. പ്രത്യേകിച്ചും 2019 ഓഗസ്റ്റിൽ ഇന്ത്യൻ സർക്കാർ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനുശേഷം. കഴിഞ്ഞ വർഷം കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഇന്ത്യ വിളിച്ചുചേർത്ത സാർക്ക് നേതാക്കളുടെ വെർച്വൽ യോഗത്തിൽ പാകിസ്ഥാൻ കാശ്മീർ പ്രശ്നം ഉന്നയിച്ചിരുന്നു.

കൊവിഡ് മഹാമാരി പടർന്നു പിടിച്ചതിനുശേഷം ആദ്യമായി ശ്രീലങ്ക സന്ദർശിക്കുന്ന വിദേശ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് ഇമ്രാൻ ഖാൻ. അവസാനമായി ശ്രീലങ്കൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിച്ച വിദേശ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അദ്ദേഹം 2015 ലായിരുന്നു ശ്രീലങ്കൻ പാർലമെന്റിനെ അഭിസംബോധനചെയ്ത് സംസാരിച്ചത്.