rahul

പുതുച്ചേരി: കോൺ​ഗ്രസ് അധികാരത്തിലെത്തിയാൽ ഫിഷറീസ് വകുപ്പ് രൂപീകരിക്കുമെന്ന് പുതുച്ചേരിയിൽ നടന്ന പരിപാടിക്കിടെ മത്സ്യത്തൊഴിലാളികൾക്ക് വാ​ഗ്ദാനം നൽകിയ കോൺഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയെ പരിഹസിച്ച് ബി.ജെ.പി. 2019ൽ എൻ.ഡി.എ സർക്കാർ രൂപീകരിച്ച ഫിഷറീസ് വകുപ്പ് വീണ്ടും എങ്ങനെ രൂപീകരിക്കുമെന്നാണ് അവരുടെ ചോദ്യം.

കടലിലെ കർഷകരെന്നാണ് രാഹുൽ പുതുച്ചേരിയിലെ മത്സ്യത്തൊഴിലാളികളെ അഭിസംബോധന ചെയ്തത്. മണ്ണിലെ കർഷകർക്ക് കേന്ദ്രത്തിലൊരു വകുപ്പ് ഉള്ളപ്പോൾ കടലിലെ കർഷകർക്ക് എന്തുകൊണ്ടില്ലെന്ന് ചോദിച്ച രാഹുൽ,​ ഫിഷറീസ് വകുപ്പ് രൂപീകരിക്കുമെന്ന് ഉറപ്പ് നൽകുകയായിരുന്നു.

നിലവിൽ ഫിഷറീസ് വകുപ്പിന്റെ ചുമതല ​കേന്ദ്രമന്ത്രി ഗിരിരാജ് സിം​ഗിനാണ്. രാഹുലിന്റെ വാക്കുകൾ വൈറലായതോടെ ഇറ്റാലിയൻ ഭാഷയിലാണ് ​ഗിരിരാജ് സിം​ഗ് രാഹുലിന് മറുപടി നൽകിയത്. ഇറ്റലി മന്ത്രിസഭയിൽ ഫിഷറിസത്തിന് പ്രത്യേക വകുപ്പില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, ഇറ്റാലിയൻ മന്ത്രിസഭയുടെ ഔദ്യോ​ഗിക വെബ്സൈറ്റിന്റെ അഡ്രസും ട്വീറ്റ് ചെയ്തു.

മത്സ്യതൊഴിലാളികളെ തെറ്റി​ദ്ധരിപ്പിക്കുന്നതിന് പകരം വായിക്കാൻ ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അനുരാ​ഗ് താക്കൂറും ഫിഷറീസ് വകുപ്പിന്റെ വിവരങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചു.

ഇന്നും അച്ഛനാണുള്ളിൽ

തന്റെയുള്ളിൽ ഇപ്പോഴും അച്ഛൻ രാജീവ് ഗാന്ധിയാണുള്ളതെന്ന് രാഹുൽ ഗാന്ധി.

'എനിക്ക് ആരോടും ദേഷ്യമില്ല. പിതാവിനെ വധിച്ചവരോട് പോലും ക്ഷമിക്കുകയാണ്.' പുതുച്ചേരിയിൽ വിദ്യാർത്ഥികളോട് സംവദിക്കവെ രാഹുൽ പറഞ്ഞു.

രാജീവ് ഗാന്ധിയെ വധിച്ച എൽ.ടി.ടി.ഇ അംഗങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു രാഹുലിന്റെ മറുപടി.'എനിക്ക് ആരോടും ദേഷ്യമില്ലെന്ന് രാഹുൽ പറഞ്ഞു. തനിക്ക് പിതാവിനെ നഷ്ടമായി. അത് ഏറെ പ്രയാസകരമായ സമയമായിരുന്നു. ഹൃദയം മുറിച്ചെടുത്ത പോലെയുള്ള അനുഭവമായിരുന്നു. അസഹനീയമായ വേദനയായിരുന്നു. എന്നാൽ, ഞാൻ ദേഷ്യപ്പെട്ടില്ല. എനിക്ക് വിദ്വേഷവും തോന്നിയില്ല. ഞാൻ എല്ലാം ക്ഷമിച്ചു."- രാഹുൽ പറഞ്ഞു.