ram

മണത്തണ (കണ്ണൂർ)​: ആറളം ഫാമിനു സമീപം വനപാലകർക്കെതിരെ വെടിയുതിർത്ത നായാട്ട് സംഘാംഗത്തെ പിടികൂടി. ഒരാൾ ഓടി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പായം വട്ട്യറ സ്വദേശി പരുതേപതിക്കൽ ബിനോയ് മാത്യു (43) വിനെയാണ് വനപാലകർ പിടികൂടിയത്. കൂട്ടാളിയായ മടപ്പുരച്ചാൽ സ്വദേശി ജോണി ഓടി രക്ഷപ്പെട്ടു.

കൊട്ടിയൂർ റെയ്ഞ്ച് കീഴ്പ്പള്ളി ഫോറസ്റ്റ് സെക്ഷനിൽപെട്ട ആറളം ഫാമിനുള്ളിലെ ഓടംതോട് ഫോറസ്റ്റ് ഓഫീസിന്റെ സമീപത്തായാണ് നായാട്ടുസംഘത്തെ കണ്ടത്. ആറളം വനമേഖലയോടു ചേർന്ന പ്രദേശങ്ങളിൽ നായാട്ട് സംഘമെത്തുന്നുണ്ടെന്ന സംശയത്തെത്തുടർന്ന് വനപാലകർ രാത്രിയിൽ പട്രോളിംഗ് നടത്തുന്നതിനിടയിലാണ് ഇവരെ കണ്ടത്. സംഘത്തെ പിന്തുടരുന്നതിനിടയിൽ പ്രതികൾ തിരിഞ്ഞു നിൽക്കുകയും ഒരാൾ തോക്കെടുത്ത് വെടിയുതിർക്കുകയും ചെയ്തു. ഇയാളുടെ പക്കൽ നിന്നും ഒരു നാടൻ തോക്കും മൂന്നു തിരയും വനപാലകർ പിടികൂടി.

പ്രതിയെ ഇന്നലെ മട്ടന്നൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡു ചെയ്തു. കീഴ്പ്പളളി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.കെ. സുരേന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ.വി. മുഹമ്മദ് ഷാഫി, ഫോറസ്റ്റ് വാച്ചർ പി. അശോകൻ
എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.