
പുതുച്ചേരി: പുതുച്ചേരിയിൽ കേവല ഭൂരിപക്ഷം നഷ്ടമായ കോൺഗ്രസ് സർക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് അനുമതി ആവശ്യപ്പെട്ട് ലെഫ്റ്റനന്റ് ഗവർണർക്ക് കത്തു നല്കി.
എന്നാൽ വിശ്വാസവോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിക്കുമെന്ന നിലപാടിലാണ് മുഖ്യമന്ത്രി നാരായണസാമി. രാജിവച്ചെങ്കിലും മല്ലാടി കൃഷ്ണ റാവു തനിക്കൊപ്പം നില്‍ക്കുമെന്നും ബി.ജെ.പിക്ക് ഒപ്പം പോകില്ലെന്നുമാണ് നാരായണസാമി പറയുന്നത്. അതിനാൽ തന്നെ സർക്കാരിന് ഭീഷണിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നാല് എം.എൽ.എമാരാണ് കോൺഗ്രസിൽ നിന്ന് രാജിവച്ചത്. രണ്ടുപേർ ബി.ജെ.പിയിൽ ചേർന്നു. കഴിഞ്ഞ ദിവസം രാജിവച്ച ജോൺകുമാർ ഉടൻ ബി.ജെ.പിയിൽ ചേക്കേറുമെന്നും രണ്ട് എം.എൽ.എമാർ കൂടി കോൺഗ്രസ് വിടുമെന്നും അഭ്യൂഹമുണ്ട്.
ഇതോടെ 30 അംഗ സഭയിൽ കോൺഗ്രസ് സർക്കാരിന്റെ ഭൂരിപക്ഷം 14 ആയി ചുരുങ്ങി. പ്രതിപക്ഷത്തിനും 14 പേരുടെ പിന്തുണയുണ്ട്. അവിശ്വാസ പ്രമേയത്തിന് മുൻപേ മുഖ്യമന്ത്രി നാരായണസ്വാമി രാജിക്ക് തയാറായെങ്കിലും ഹൈക്കമാന്റ് ഇടപെട്ട് പിൻവലിക്കുകയായിരുന്നു. എം.എൽ.എമാരെ ഭീഷണിപ്പെടുത്തി രാജിവെപ്പിച്ചതാണെന്നും ജനാധിപത്യത്തെ ബി.ജെ.പി കശാപ്പ് ചെയ്‌തെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം കിരൺ ബേദിയെ പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുകയും തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജന് അധിക ചുമതല നല്‍കുകയും ചെയ്തിരുന്നു.
 മുഖ്യമന്ത്രി രാജിവയ്ക്കണം
ജനാധിപത്യത്തിൽ വിശ്വാസമുണ്ടെങ്കിൽ പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമി ഉടൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വി. നമശ്ശിവായം രംഗത്തെത്തി. മുൻപ് കോൺഗ്രസ് എം.എൽ.എ ആയിരുന്ന നമശിവായം ജനുവരി 25നാണ് രാജിവച്ച് ബി.ജെ.പിയിൽ ചേർന്നത്. സഖ്യ പാർട്ടികളുടെ യോഗം ഉടൻ ചേരുമെന്നും നമശിവായം അറിയിച്ചിട്ടുണ്ട്.