
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പിക്ക് വൻവിജയം നേടാൻ ക്രൈസ്തവ വോട്ടുകൾ ലക്ഷ്യമിട്ട് പ്രകടന പത്രിക ഒരുങ്ങുന്നു. ക്രൈസ്തവ വിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമെന്ന് ബി.ജെ.പി നേതാവ് എം.ടി. രമേശ് വ്യക്തമാക്കി. ക്രോസ് വോട്ടിംഗ് മറികടക്കാൻ ബി.ജെ.പി പ്രത്യേക തന്ത്രത്തിന് രൂപം നൽകുമെന്നും എം.ടി രമേശ് പറഞ്ഞു.
ഇന്ത്യ മുഴുവൻ ബി.ജെ.പി ജയിക്കുന്നു എന്നാൽ കേരളത്തിൽ അതിന് സാധിക്കുന്നില്ല. കേരളത്തിൽ ബി.ജെ.പി നേരിടുന്ന ഈ വെല്ലുവിളി മറികടക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. ക്രിസ്ത്യൻ സമൂഹം ഉന്നയിച്ചിട്ടുള്ള അവരുടെ ആനുകൂല്യങ്ങൾ ഉൾപ്പടെയുള്ള ചില വിഷയങ്ങളുണ്ട്. ആ വിഷയങ്ങളിലൊക്കെത്തന്നെ ബിജെപിക്ക് കൃത്യമായ നിലപാടുകളുണ്ട്. ആ നിലപാടുകൾ ഞങ്ങളുടെ പ്രകടനപത്രികയിലുമുണ്ടാകുമെന്നും എം.ടി.രമേശ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.