
മട്ടന്നൂർ: കോൺഗ്രസ് നേതൃത്വം പറഞ്ഞാൽ ധർമ്മടത്ത് പിണറായി വിജയനെതിരെ മത്സരിക്കുമെന്ന് സി.പി.എം. പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ ഷുഹൈബിന്റെ പിതാവ് സി.പി. മുഹമ്മദ്. കോൺഗ്രസ് നേതൃത്വം പറഞ്ഞാൽ സ്ഥാനാർത്ഥിയാകുമെന്നും നേതൃത്വം ഇതുവരെ നിർദേശമൊന്നും നൽകിയിട്ടില്ലെന്നും മുഹമ്മദ് മാദ്ധ്യമങ്ങളോട് പറഞ്ഞു. പിണറായി വിജയനെതിരെ യു.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിക്കുമെന്ന സോഷ്യൽ മീഡിയ പ്രചരണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ധർമടത്തോ തലശ്ശേരിയിലോ പാർട്ടി പറഞ്ഞാൽ താനോ തന്റെ കുടുംബത്തിൽ നിന്നുള്ളവരോ എവിടെ വേണമെങ്കിലും മത്സരിക്കാൻ തയ്യാറാണ്. എന്നാൽ മത്സരിക്കണമെന്ന ആവശ്യം ഇതുവരെ ഉയർന്നിട്ടില്ല. തീരുമാനം പാർട്ടിയുടേതാണെന്നും ഭരണത്തുടർച്ചയുണ്ടായാൽ തനിക്ക് നീതി ലഭിക്കില്ലെന്നും മുഹമ്മദ് പ്രതികരിച്ചു.
ഷുഹൈബിന്റെ കൊലപാതകത്തിൽ സി.ബി.ഐ. അന്വേഷണം നടത്താമെന്ന് കോടതി പറഞ്ഞിട്ടും സർക്കാർ രേഖകൾ കൈമാറാൻ തയ്യാറാവുന്നില്ല. നിലവിലെ അന്വേഷണം തൃപ്തികരമാണെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ ഷുഹൈബിന്റെ കൊലപാതകത്തിൽ ഗൂഢാലോചന നടത്തിയവർ ഇപ്പോഴും പുറത്ത് വിലസി നടക്കുന്നുണ്ട്. കേസ് നടത്താൻ ഖജനാവിൽ നിന്ന് പണം മുടക്കി കേസ് നടത്തി സർക്കാർ പ്രതികളെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2016ൽ പിണറായി വിജയൻ 36905 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലമാണ് ധർമ്മടം. ഇത്തവണ നാൽപ്പതിനായിരത്തിന് മുകളിൽ ഭൂരിപക്ഷം ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇടതുമുന്നണി. അങ്ങനെയുളള ധർമ്മടത്ത് ശക്തനായ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് യു.ഡി.എഫും. ഈ സാഹചര്യത്തിലാണ് ഷുഹൈബിന്റെ പിതാവിന്റെ പേര് സ്ഥാനാർത്ഥിയായി ഉയർന്ന് കേൾക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
2018 ഫെബ്രുവരിയിലാണ് കണ്ണൂർ മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട രണ്ടുപേരെ സി.പി.എമ്മിൽനിന്നും പുറത്താക്കിയിരുന്നു.