
ന്യൂഡൽഹി: കർഷക സംഘടനകളുടെ രാജ്യവ്യാപക ട്രെയിൻ തടയൽ സമരം ഇന്ന് നടക്കും. കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം എൺപത്തിയഞ്ചാം ദിവസത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് ട്രെയിൻ തടയൽ സമരം. ഉച്ചയ്‌ക്ക് പന്ത്രണ്ട് മണി മുതൽ വൈകുന്നേരം നാല് വരെയാണ് സമരം നടത്തുക.
പഞ്ചാബ്, ഹരിയാന, യു പി, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ കർഷകർ വ്യാപകമായി ട്രെയിൻ തടയും. കേരളത്തെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സമരം സമാധാനപരമായിരിക്കുമെന്ന് കർഷക നേതാക്കൾ അറിയിച്ചു. കർഷകരുടെ പ്രതിഷേധം കണക്കിലെടുത്ത് റെയിൽവേ സർവീസുകൾ വെട്ടിച്ചുരുക്കിയിട്ടുണ്ട്. ട്രെയിൻ തടയൽ സമരത്തിന്റെ പശ്ചാത്തലത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പൊലീസ് ജാഗ്രത ശക്തമാക്കി.
അതേസമയം, ഡൽഹി ചെങ്കോട്ട സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിശ രവിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ദിശ രവിയുടെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കുകയാണ്. അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്താൻ ദിശ രവിയെ കോടതി അനുവദിച്ചിരുന്നു. കൂടുതൽ ചോദ്യം ചെയ്യാനുണ്ടെന്ന് പൊലീസ് കോടതിയെ അറിയിക്കും.