
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റുകൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ വീതം വയ്‌ക്കരുതെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം പി. നല്ല സ്ഥാനാർത്ഥികൾ ഉണ്ടെങ്കിൽ മാത്രമേ ജനം അംഗീകരിക്കൂവെന്നും ഒരു സ്ഥാനാർത്ഥിയുടെ കാര്യത്തിലും പാർട്ടി അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വടകരയിൽ ആർ എം പിയുമായി സഹകരിക്കണമെന്നാണ് ആഗ്രഹമെന്നും ഇതിനായുളള ചർച്ചകൾ തുടങ്ങിയെന്നും മുരളീധരൻ പറഞ്ഞു. വടകരയുടെ കീഴിലുളള ഏഴ് നിയമസഭാ മണ്ഡലങ്ങളിലും വാശിയേറിയ പോരാട്ടമാണ് ഇരുമുന്നണികളും തമ്മിൽ നടക്കുന്നത്. തന്റെ സജീവ സാന്നിദ്ധ്യം ഏഴിടത്തും വട്ടിയൂർക്കാവിലും ആവശ്യമാണ്. അങ്ങനെ ഓരോ എം പിമാരും അവരവരുടെ മണ്ഡലങ്ങൾ നോക്കിയാൽ മാത്രമേ കാര്യമുളളൂവെന്നും ഈ മണ്ഡലങ്ങൾക്ക് പുറമെ മറ്റൊരിടത്തും പ്രചാരണത്തിന് ഇറങ്ങില്ലെന്നും മുരളീധരൻ പറഞ്ഞു.
കോൺഗ്രസിന് സർജറിയല്ല സ്ഥാനാർത്ഥി നിർണയമാണ് അത്യാവശ്യമായി വേണ്ടത്. അവിടെയാണ് ഏറ്റവും സൂക്ഷിക്കേണ്ടത്. ശബരിമലയിൽ വിശ്വാസം സംരക്ഷിക്കപ്പെടണം. ബി ജെ പി- സി പി എം കൂട്ടുകെട്ട് തുറന്നുകാണിക്കും. യു ഡി എഫിന് ഒരു ഉണർവുണ്ട്. എന്നാൽ അതിനൊരു ഫലപ്രാപ്‌തിയുണ്ടാകണം. ഇത്തവണ വട്ടിയൂർക്കാവ് തിരിച്ചുപിടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞതവണ സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ യോഗം ചേർന്നപ്പോൾ തന്നെ കുറേപേർ അവിടെ കിടന്ന് ബഹളമുണ്ടാക്കി. അതോടെ ജനങ്ങൾക്കിടയിൽ ഇവർ തമ്മിൽതല്ലുകയാണെന്ന ഒരു അഭിപ്രായമുണ്ടായെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.