
ആലപ്പുഴ: കരുവാറ്റയിൽ ജുവലറി കുത്തിത്തുറന്ന് കവർച്ച. 25 പവർ സ്വർണം നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം. ദേശീയപാതയ്ക്ക് സമീപത്തെ ബ്രദേഴ്സ് ജുവലറിയിലാണ് കവർച്ച നടന്നത്. പുലർച്ചെ നാലുമണിയോടെ ഫോണിൽ അലർട്ട് മെസേജ് വന്നതിനെത്തുടർന്ന് ഉടമതന്നെയാണ് പൊലീസിനെ വിവരമറിയിച്ചത്.
റോഡുവക്കിൽ പാർക്കുചെയ്തിരുന്ന ടിപ്പർലോറിയെ മറയാക്കി ജുവലറിയുടെ മുൻവശത്തെ ഷട്ടറിന്റെ പൂട്ടുപൊളിച്ചാണ് മോഷ്ടാവ് അകത്തുകയറിയത്. ഷോക്കേസിൽ ഉണ്ടായിരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ലോക്കറിൽ ഉണ്ടായിരുന്ന ആഭരണങ്ങൾ നഷ്ടമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. തൊപ്പിവച്ച ഒരാൾ ജുവലറിക്കുള്ളിൽ കടക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ഇത് വ്യക്തമല്ല. സംഭവത്തിൽ ഹരിപ്പാട് പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം സമാനമായ രീതിയിൽ ജുവലറിക്ക് അടുത്തുള്ള ബാങ്കിലും മോഷണം നടന്നിരുന്നു.