hh

ഡോ. ബി. അശോക്, 1998-ലെ ഐ.എ.എസ്. ബാച്ചിലെ ഏക മലയാളി. മുസൂറി ഐ.എ.എസ് അക്കാദമി ഡെപ്യൂട്ടി ഡയറക്ടർ, കേന്ദ്ര കൃഷിമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, കേരള വെറ്ററിനറി സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ, 2015 മുതൽ വിവിധ വകുപ്പുകളിൽ ഗവൺമെന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇപ്പോൾ കെ.ടി.ഡി.എഫ്.സി ചെയർമാനും മാനേജിംഗ് ഡയറക്ടറും. ഐ.എഎസ്. അസോസിയേഷൻ ആദ്യമായി നടത്തിയ തിരഞ്ഞെടുപ്പിൽ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ബി. അശോക് സംസാരിക്കുന്നു.

ഐ.എ.എസ്. അസോസിയേഷൻ തിരഞ്ഞെടുപ്പിൽ എതിരില്ലാതെ പ്രസിഡന്റായിരിക്കുന്നു. പുതിയ ദൗത്യത്തെക്കുറിച്ച് ?
സർവീസിൽ ഇന്ന് ജൂനിയർമാരാണ് കൂടുതൽ. അവർക്കാണ് പ്രശ്‌നങ്ങളും ഏറെ. അവർക്ക് സ്വാതന്ത്ര്യമായി വന്ന് എന്തും പറയാനും അറിയിക്കാനും ഞാൻ സമയം കൊടുക്കാറുണ്ട്. അവരുടെ പ്രശ്‌നങ്ങളിൽ എന്നാലാവും വിധം പങ്കെടുക്കാറുണ്ട്. കേൾക്കാൻ സന്നദ്ധതയുളളതുകൊണ്ട് ഒരു നല്ല കർമ്മപദ്ധതി അവർ ആവിഷ്‌കരിച്ചപ്പോൾ അവർക്ക് സ്വാതന്ത്ര്യമുളള ഒരാളെ പ്രസിഡന്റാക്കണം എന്നവർ ആഗ്രഹിച്ചിരിക്കണം. അത്രേയുളളൂ. ഐ.എ.എസ് അസോസിയേഷൻ മറ്റ് സർവീസ് സംഘടനകളെപ്പോലെ ഒരു ട്രേഡ് യൂണിയനല്ല. ഒരു വെൽഫെയർ സൊസൈറ്റിയാണ്. ഒരു സോഷ്യൽ വെന്യൂ.


സാധാരണ വാർഷിക യോഗത്തിൽ അനൗപചാരിക തിരഞ്ഞെടുപ്പേ നടക്കാറുളളൂ. ഇത്തവണ ഓൺലൈൻ ബാലറ്റ് തിരഞ്ഞെടുപ്പ് തന്നെ വന്നു. ചില്ലറ മത്സരവും. എന്തുകൊണ്ടാണത്?
അനൗപചാരിക തിരഞ്ഞെടുപ്പിൽ പലപ്പോഴും ചീഫ് സെക്രട്ടറിയുമായി ആലോചിച്ച് ഒരു സീനിയറാണ് പ്രസിഡന്റായി വന്നിരുന്നത്. ആ സംവിധാനത്തിൽ ജൂനിയർ ഉദ്യോഗസ്ഥരുടെ ആവശ്യങ്ങൾ ഫലപ്രദമായി പ്രതിഫലിപ്പിക്കാൻ കഴിയുന്നില്ലെന്ന് പലർക്കും തോന്നി. അസോസിയേഷൻ എന്നത് 'ഹയറാർക്കി'യിൽ നടത്താനാവില്ല. അത് എല്ലാവരും സ്വമേധയാ സൗഹൃദത്തോടെ പ്രവർത്തിക്കേണ്ട ഒന്നാണ്. സ്ഥാനാർത്ഥി തന്നെ ആയിട്ടില്ലാത്ത, അംഗങ്ങളോടു വോട്ടു ചോദിച്ചിട്ടില്ലാത്ത പ്രസിഡന്റ് അവരെ കേൾക്കണമെന്നില്ല. തിരഞ്ഞെടുപ്പ് ഭാരവാഹികളുടെ അക്കൗണ്ടബിലിറ്റി ഉറപ്പാക്കുന്നു. അതാകണം അംഗങ്ങൾ കണ്ടത്.


എന്താണ് പ്രധാന കർമ്മ പരിപാടി?
ജൂനിയർമാരുടെ പാർപ്പിട പ്രശ്‌നം തിരുവനന്തപുരത്ത് രൂക്ഷമാണ്. ആക്കുളത്ത് രണ്ടേക്കർ സ്ഥലം സർക്കാർ അനുവദിച്ചിട്ടുണ്ട്. റവന്യൂ- പി ഡബ്ലി യുഡി സെക്രട്ടറിമാർ ഏകോപിപ്പിച്ചാൽ 40 ഫ്‌ളാറ്റുകൾ ഉടൻ തീർക്കാം. അത് വീടില്ലാത്തവർക്ക് വലിയ ആശ്വാസമാകും. രണ്ടു മാസത്തിലൊരിക്കലെങ്കിലും അംഗങ്ങളുടെ ഗെറ്റ് ടുഗതർ, കുടുംബാംഗങ്ങളുടെ ഒത്തുചേരൽ, കുട്ടികളുടെ കലാപരിപാടികൾ എല്ലാം സാഹചര്യമനുസരിച്ച് നോക്കണം. കുറച്ച് ഫോക്കസ് ചാരിറ്റി പ്രവർത്തനത്തിനും വോളണ്ടിയറിംഗിനും നൽകും. വലിയ സാമ്പത്തിക ശക്തിയല്ല അസോസിയേഷൻ. ഉദ്യോഗസ്ഥരുടെ കരിയർ സംബന്ധമായ പ്രശ്‌നങ്ങളുണ്ട്. അതിലും സാദ്ധ്യമായ സഹായം ചെയ്യും.


ഐ.എ.എസ് ജനാധിപത്യ മൂല്യമുളള ഒരു ഇടമാണോ?
'ഹയറാർക്കി' സർവീസിൽ ചില കാര്യങ്ങൾക്കു വേണ്ടതാണ്. ദുരുപയോഗം ചെയ്യരുത് എന്നു മാത്രം. പ്രകടമായ പിശക് ചെയ്യാൻ സീനിയർ ജൂനിയറെ ഭീഷണിപ്പെടുത്തരുത്. അപഹസിക്കുകയുമരുത്. ജാതിബോധം ഒക്കെ ദുർബലപ്പെട്ട് ചതുരമായ ഒരു സമൂഹമാണ് കേരളത്തിലുളളത്. 'നീ ബ്രാഹ്മണ പുത്രൻ തന്നെയോ അതോ ശൂദ്രപുത്രനോ' എന്ന് ഒരു സർവീസ് മേധാവിയും ചോദിക്കാൻ പാടില്ല. തമാശയായിപ്പോലും. ഇതൊക്കെ എന്റെ സർവീസ് കാലത്ത് നേരിട്ടു കണ്ടതും കേട്ടതുമാണ്. അന്ന് അത് ചോദിച്ചത് ഒരു ബ്രാഹ്മണനോടാണ്. കേട്ടിരിക്കുന്ന മറ്റുള്ളവർക്ക് എന്തു തോന്നുമെന്നത് ചോദിക്കുന്നയാൾ ഓർക്കുന്നില്ല. അതായിരുന്നു ഒരു കാലത്ത് ഐ.എ.എസ്. ജാതിയും അസമത്വവും ഒന്നും അടച്ചു പോയിട്ടില്ല. എന്നാൽ തല്ലിക്കൊഴിച്ച് കേരളത്തിൽ ദുർബലമാക്കിയിട്ടുണ്ട്. മേൽപ്പറഞ്ഞത് കേട്ട ജൂനിയർ അന്ന് പ്രതിഷേധിച്ചില്ല. ഇന്ന് ഇതൊന്നും പറയില്ല. തിരിച്ചു കേൾക്കും. നമ്മൾ ജനാധിപത്യവത്‌കരിക്കപ്പെട്ടിരിക്കുന്നു എന്നു പറയാം.


പ്രകൃതിദുരന്തങ്ങൾ - മഹാമാരി - അഞ്ചുവർഷം ഐ.എ.എസുകാർ കഠിനമായ ഒരു കാലത്തിലൂടെയാണ് കടന്നു പോയത് എങ്ങനെ കാണുന്നു.?
പലപ്പോഴും പ്രതിസന്ധിഘട്ടമായിരുന്നു. മുഖ്യമന്ത്രിയോടും മന്ത്രിമാരോടുമൊപ്പം ഒറ്റ ടീമായി സിവിൽ സർവീസ് പ്രവർത്തിച്ചു. കേരളത്തിനു വലിയ കൈത്താങ്ങായി എന്നു തന്നെ കരുതുന്നു. ജില്ലകളിൽ പ്രവർത്തിക്കുന്നവരൊക്കെ വീട്ടിൽപോകാത്ത വർഷം തന്നെയുണ്ടായി. പൊലീസും ഉണർന്നു പ്രവർത്തിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുളള ഓഫീസർമാർക്ക് വ്യക്തിഗത ആവശ്യങ്ങൾ തന്നെ നീട്ടി വയ്‌ക്കേണ്ടി വന്നു. ദന്തഗോപുരം വിട്ട് ജനങ്ങളോടൊപ്പം തോളോടുതോൾ ചേർന്ന് സർവീസുകൾ അവസരത്തിനൊത്തു ചേർന്നു. ഇന്ത്യൻ സിവിൽ സർവീസിന് രൂപംകൊടുത്ത സമയത്തെ സർദാർ പട്ടേലിന്റെയും മറ്റും വീക്ഷണം ഒരിക്കൽക്കൂടി ശരിയാണെന്നു തെളിഞ്ഞു. ഇനിയും ഏറെ പരിശ്രമം ബാക്കിയാണ്.

സർവീസിൽ വരേണ്ട പ്രധാനപ്പെട്ട ചില മാറ്റങ്ങൾ സൂചിപ്പിക്കാമോ?
ഒന്നാമതായി നിയമനങ്ങളിൽ ചട്ടപ്രകാരം കേന്ദ്ര സർക്കാർ 2014-ൽ നടത്തിയ മാറ്റങ്ങൾ ഉദ്യോഗസ്ഥർ സംസ്ഥാന സർക്കാർ ഉത്തരവുകളനുസരിച്ച് നടപ്പാക്കണം . 2-3 വർഷം ഒരേ ലാവണത്തിൽ തുടർന്നാൽതന്നെ പദ്ധതി നിർവഹണവും ചട്ടസംബന്ധമായ പ്രശ്‌നങ്ങളും മെച്ചപ്പെടും. ഉദ്യോഗസ്ഥർക്കെതിരേ നിസാരമായ, ഒറ്റനോട്ടത്തിൽ തന്നെ വ്യാജമെന്നു മനസിലാവുന്ന പരാതികളിൽ അന്വേഷണങ്ങളും മറ്റും നടത്തി മൊറെെൽ തകർക്കരുത്. ഉദ്യോഗസ്ഥരുമായി നേരിട്ട് ആശയവിനിമയം നടത്തുക. തെറ്റിദ്ധാരണകളിൽ വഴിതെറ്റി പ്രവർത്തിക്കാതിരിക്കുക. ഒരുദ്യോഗസ്ഥൻ വ്യക്തിഗത മികവു കാട്ടുമ്പോഴല്ല,​ ഉദ്യോഗസ്ഥർ ഒരു ടീമായി പ്രവർത്തിക്കുമ്പോഴാണ് പൊതുതാത്‌പര്യം സംരക്ഷിക്കപ്പെടുക എന്നതോർക്കണം.