
തിരുവനന്തപുരം: സെക്രട്ടറിയേറ്റിനുമുന്നിലെ സമരത്തിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സമരം അവസാനിക്കാത്തതിന് കാരണം മുഖ്യമന്ത്രിയുടെ അനാവശ്യ പിടിവാശിയാണെന്ന് പറഞ്ഞ അദ്ദേഹം ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്തണമെന്നും ആവശ്യപ്പെട്ടു.
പിൻവാതിൽ വഴി നിയമിക്കപ്പെട്ടവരോടുളള മുഖ്യമന്ത്രിയുടെ വിധേയത്വം അവസാനിച്ചിട്ടില്ലെന്ന് കുറ്റപ്പെടുത്തിയ ചെന്നിത്തല സംസ്ഥാനത്തൊട്ടാകെ ബിജെപിയും സിപിഎമ്മും തമ്മിലുളള അന്തർധാര കൂടുതൽ ശക്തിപ്പെടുകയാണെന്നും പറഞ്ഞു. 'രണ്ടുപേരുടെയും ലക്ഷ്യം യു ഡി എഫിനെ പരാജയപ്പെടുത്തുകയാണ്. ഇരുകൂട്ടരുടെയും നീക്കങ്ങൾ കേരളത്തിൽ നടക്കാൻ പോകുന്നില്ല. ജനങ്ങൾക്ക് യു ഡി എഫിനോടുളള വിശ്വാസം കൂടിവരികയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസവും ഉദ്യോഗാർത്ഥികളുടെ സമരവുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയെ വിമർശിച്ചിരുന്നു.
അതിനിടെ സമരം കൂടുതൽ ശക്തമാക്കാനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം. എൽ ജി എസ് ഉദ്യോഗാർത്ഥികളുടെ സമരം 24 ദിവസം പിന്നിട്ടു. പതിനൊന്നാം ദിവസത്തിലാണ് സിവിൽ പൊലീസ് റാങ്ക് ഹോള്‍ഡേഴ്സിന്റെ പ്രതിഷേധം. ഇന്നുമുതൽ ഉദ്യാേഗാർത്ഥികളുടെ നിരാഹാര സമരവും ആരംഭിക്കും.