pinarayi-vijayan

കാസർകോട്: മുഖ്യമന്ത്രി പിണറായി വിജയനെയും പിതാവിനെയും വീണ്ടും ആക്ഷേപിച്ച് കോൺഗ്രസ് നേതാവ് കെ സുധാകരൻ. കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും രണ്ടാം മരണ വാർഷികത്തോട് അനുബന്ധിച്ചുളള അനുസ്‌മരണ യോഗത്തിലായിരുന്നു സുധാകരന്റെ പരാമർശം.

'ഞങ്ങളുടെ പ്രിയപ്പെട്ട പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ അച്ഛനെ കുറിച്ച് എന്തു പറഞ്ഞു. അട്ടംപരതി ഗോപാലൻ എന്ന്. ഗോപാലൻ ഈ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി, ആ പോരാട്ടത്തിൽ ഒരു പോരാളിയായി നാടിന്റെ മോചനത്തിന് വേണ്ടി പടവെട്ടുമ്പോൾ പിണറായി വിജയന്റെ ചെത്തുകാരനായ അച്ഛൻ കോരേട്ടൻ പിണറായി അങ്ങാടിയിൽ കളളും കുടിച്ച് തേരാപാര നടക്കുകയായിരുന്നു' എന്നായിരുന്നു സുധാകരന്റെ വിവാദ പരാമർശം.

പ്രസംഗത്തിലുടനീളം ചെത്തുകാരന്റെ മകൻ പിണറായി എന്ന് സുധാകരൻ ആവർത്തിച്ചു. പിണറായിക്ക് എന്ത് രാഷ്ട്രീയ പാരമ്പര്യമാണ് ഉളളതെന്നും സുധാകരൻ ചോദിച്ചു. ഒമ്പത് ഉപദേശകരെ വച്ച് ഭരിക്കാൻ പിണറായിക്ക് ബുദ്ധിയും വിവരവുമില്ലേയെന്നും അദ്ദേഹം വിമർശിച്ചു.

നേരത്തെയും മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി സുധാകരൻ രംഗത്തെത്തിയിരുന്നു. ചെത്തുകാരന്റെ കുടുംബത്തിൽ നിന്ന് വന്ന ഒരാൾക്ക് സഞ്ചരിക്കാൻ ഹെലികോപ്ടർ എന്നാണ് സുധാകരൻ അന്ന് പ്രസംഗിച്ചത്. ഇങ്ങനെയൊരു പശ്ചാത്തലത്തിൽ നിന്ന് വന്ന് ഹെലികോപ്ടർ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ എന്നും അദ്ദേഹം പറഞ്ഞു. പ്രസംഗം വിവാദമായതിന് പിന്നാലെ താൻ ജാതി അധിക്ഷേപമല്ല നടത്തിയതെന്ന മറുപടിയുമായി സുധാകരൻ രംഗത്തെത്തിയിരുന്നു.

ചെത്തുകാരന്റെ മകനായതിൽ അഭിമാനിക്കുന്ന ആളാണ് താൻ എന്നായിരുന്നു അന്ന് സുധാകരന്റെ വിമർശനത്തിന് മുഖ്യമന്ത്രി നൽകിയ പ്രതികരണം. എന്തെങ്കിലും ദുർവൃത്തിയിൽ ഏർപ്പെട്ട ആളിന്റെ മകനാണെന്ന് പറഞ്ഞാൽ ജാള്യത തോന്നാം. ഇതിൽ അങ്ങനെ തോന്നേണ്ട കാര്യമില്ല. ഒരു തൊഴിലെടുത്ത് ജീവിച്ച ആളിന്റെ മകൻ എന്നത് അഭിമാനമാണെന്നും മുഖ്യമന്ത്രി അന്ന് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സുധാകരന്റെ ഭാഗത്തു നിന്ന് വീണ്ടും പരിഹാസമുണ്ടായിരിക്കുന്നത്.