
സൂപ്പർസ്‌റ്റാർ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'ബറോസ്-ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ' ചിത്രീകരണം വൈകാതെ ആരംഭിക്കാനിരിക്കുകയാണ്. 3ഡിയിൽ ഒരുക്കുന്ന ചിത്രത്തിൽ സ്‌പാനിഷ് ചലച്ചിത്ര താരങ്ങളുൾപ്പടെ വലിയ താരനിരയാണ് അണിനിരക്കുക. ക്യാമറയ്‌ക്ക് പിന്നിലുളള ശ്രദ്ധേയരായ അണിയറ പ്രവർത്തകർക്കൊപ്പമുളള താരത്തിന്റെ പുതിയ ചിത്രം പുറത്തിറങ്ങി.

ചിത്രത്തിന്റെ തിരക്കഥാകൃത്തും പ്രശസ്‌ത സംവിധായകനുമായ ജിജോ പുന്നൂസ്, സംഗീത സംവിധായകൻ ലിഡിയൻ നാദസ്വരം, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, മറ്റ് അണിയറ പ്രവർത്തകർ എന്നിവർക്കൊപ്പം താരം നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. മൈ ഡിയർ കുട്ടിച്ചാത്തൻ, പടയോട്ടം തുടങ്ങി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ജിജോ. തലാഷ്, റായീസ് ഉൾപ്പടെ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്‌ത കെ.യു മോഹനൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

#Barrozz Loading..!!
Posted by The Complete Actor Mohanlal on Wednesday, 17 February 2021
ബറോസിന്റെ ചിത്രീകരണം ആരംഭിക്കുക ഏപ്രിൽ മാസത്തോടെയാകും. മോഹൻലാലിനൊപ്പം മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രതാപ് പോത്തനും ഒപ്പം വിദേശ താരങ്ങളായ ഷൈല മക്‌കഫെ, റാഫേൽ അമാർഗൊ, പസ് വേഗ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു ഫാന്റസി ത്രില്ലറാകും ബറോസ്.