kibu-vikuna

ചില കൊമ്പന്മാർ അങ്ങനെയാണ് , എത്ര മിടുക്കൻ പാപ്പാനായാലും അധികനാൾ വാഴില്ല. ഐ.എസ്.എൽ ഫുട്ബാളിലെ കേരള കൊമ്പൻമാരായ ബ്ളാസ്റ്റേഴ്സിന്റെ കാര്യവും അങ്ങനെതന്നെ. ഏഴു സീസൺ പിന്നിടുന്നതിനിടയിൽ ഒൻപത് പരിശീലകരെയാണ് ബ്ളാസ്റ്റേഴ്സ് ഇതിനകം മാറ്റിയിരിക്കുന്നത്. ഒരു സീസൺ സീസൺ പൂർത്തിയാവുന്നതിന് മുമ്പ് പടിയിറങ്ങേണ്ടിവന്നത് നാലുപേർക്കാണ്. അതിലെ അവസാന കണ്ണിയാണ് കിബു വികുന എന്ന സ്പെയ്ൻകാരൻ.

മറ്റൊരു ക്ളബും ലീഗിൽ ഇങ്ങനെ പരിശീലകരെ മാറ്റി ഭാഗ്യം പരീക്ഷിക്കാറില്ല. ഒരു പക്ഷേ റഷ്യൻ മുതലാളി റൊമാൻ അബ്രമോവിച്ച് ഇംഗ്ളീഷ് ക്ളബ് ചെൽസിയിൽ കോച്ചുമാരെ മാറ്റിക്കളിക്കുന്നതാകാം ബ്ളാസ്റ്റേഴ്സിന്റെ പ്രചോദനം. ഓരോ മത്സരത്തിലും പ്ളേയിംഗ് ഇവലൻ മാറ്റുന്നതുപോലെ സീസൺ തോറും കോച്ചിനെ മാറ്റിയിട്ട് എന്തെങ്കിലും പ്രയോജനമുണ്ടോ എന്ന് ചോദിക്കരുത്. പണ്ടേ സച്ചിന്റെ നിയന്ത്രണത്തിൽ നിന്നുപോയ ക്ളബിന്റെ പുതിയ സെർബിയൻ മുതലാളിമാർക്കും പരിശീലകരെ പഴിചാരുന്നതാണ് സൗകര്യം.

സച്ചിനെ മുൻനിറുത്തി ഹൈദരാബാദുകാരനായ പൊട്ടലൂരി വരപ്രസാദും സംഘവും 2014ൽ കേരള ബ്ളാസ്റ്റേഴ്സിനെ സ്വന്തമാക്കുമ്പോൾ മാർക്വീ പ്ളേയർ കം കോച്ചായി മുൻ ഇംഗ്ളീഷ് ഗോളി ഡേവിഡ് ജെയിംസിനെയാണ് തിരഞ്ഞെടുത്തത്.ആദ്യ സീണിൽ ടീമിനെ ഫൈനലിൽ വരെ എത്തിക്കാൻ ജെയിംസിന് കഴിഞ്ഞു. എന്നാൽ അടുത്ത സീസണിൽ ജെയിംസ് ടീമിനൊപ്പം ഉണ്ടാവില്ലെന്ന് 2014ൽത്തന്നെ ടീം മാനേജ്മെന്റ് അറിയിച്ചു. അങ്ങനെയാണ് ഇംഗ്ളിൽനിന്നുതന്നെ ഒരു പുതിയ പരിശീലകനെ കൊണ്ടുവരുന്നത്;പീറ്റർ ടെയ്ലർ.

ടോട്ടൻഹാമിന്റെ പഴയ കളിക്കാരനായ ടെയ്‌ലർ ഇംഗ്ലണ്ട് അണ്ടർ 20 ടീമിനെയുൾപ്പടെ പരിശീലിപ്പിച്ച പരിചയ സമ്പത്ത് കൈമുതലാക്കിയാണ് കൊമ്പനെ ചട്ടം പഠിപ്പിക്കാനെത്തിയത്. എന്നാൽ ടീമിനൊപ്പം ഒരു സീസൺ തികച്ചും തുടരാൻ ടെയ്‌ലർക്ക് കഴിഞ്ഞില്ല. തുടർ തോൽവികളും സമനിലകളും ടെയ്‌ലറുടെ തുന്നലഴിച്ചു. കളിക്കാരുമായുള്ള ഈഗോ പ്രശ്നങ്ങളും അദ്ദേഹത്തിന് തിരിച്ചടിയായി.അങ്ങനെ രണ്ടാം സീസണിനിടയിൽ ടെയ്‌ലറെ മടക്കി അയച്ച് ആദ്യ സീസൺ മുതൽ ടീമിന് ഒപ്പമുണ്ടായിരുന്ന സഹപരിശീലകൻ ട്രെവർ മോർഗന് താത്‌കാലിക ചുമതല നൽകി. ഈസ്റ്റ് ബംഗാൾ ടീമിന്റെ പരിശീലകനായി ഇന്ത്യൻ പരിചയമുള്ളയാളായിരുന്നു ഇംഗ്ലണ്ടുകാരനായ ട്രെവർ മോർഗൻ. എന്നാൽ സീസൺ പൂർത്തിയാക്കാൻ മോർഗനെയും അനുവദിച്ചില്ല. ജൂനിയർ ടീം പരിശീലകൻ അയർലൻഡുകാരനായ ടെറി ഫൈലാൻ രണ്ടാം സീസണിലെ ബാക്കി കളികളിൽ പ്രധാന പരിശീലകനാക്കി. ആദ്യ സീസൺ ഫൈനലിസ്റ്റുകളിൽ നിന്ന് രണ്ടാം സീസണിലെ ഏറ്റവും അവസാനക്കാരായി ബ്ലാസ്റ്റേഴ്സ് ഫിനിഷ് ചെയ്തു. ടെറി തെറിക്കുകയും ചെയ്തു.

രണ്ടാം സീസണിലെ തിരിച്ചടി മാനേജ്മെന്റിനെ ഇരുത്തിച്ചിന്തിപ്പിച്ചതിന്റെ ഫലമായാണ് ക്രിസ്റ്റൽ പാലസിന്റെ മുൻ പരിശീലകൻ സ്റ്റീവ് കൊപ്പൽ ബ്ളാസറ്റേഴ്സിലേക്ക് വന്നത്. ആരോൺ ഹ്യൂസും ഹെംഗ്ബർട്ടും സന്ദേശ് ജിംഗാനും റാഫിയും സി.കെ വിനീതുമൊക്കെയടങ്ങിയ ആ സംഘത്തെ വളരെ മികച്ചരീതിയിൽ പരിശീലിപ്പിക്കാൻ കോപ്പലിന് കഴിഞ്ഞു. സമ്മർദ്ദഘട്ടങ്ങളിൽപ്പോലും വളരെ കൂളായി ഡഗ്ഔട്ടിന്റെ തൂണും ചാരി നിൽക്കുന്ന കൊപ്പലിനെ കൊപ്പലാശാൻ എന്ന വിളിപ്പേരും നൽകി ആരാധകരും മനസിൽ ഏറ്റെടുത്തു. ബ്ളാസ്റ്റേഴ്സിന് ഒരിക്കൽക്കൂടി ഫൈനലിലെത്താൻ കഴിഞ്ഞത് കൊപ്പലാശാന്റെ മികവിനുള്ള അംഗീകാരം കൂടിയായിരുന്നു. എന്നാൽ കിരീടം നേടിക്കൊടുക്കാൻ കഴിയാത്തതിന്റെ നിരാശയിൽ ആശാൻ ബ്ളാസ്റ്റേഴ്സ് വിട്ടു.

സർ അലക്സ് ഫെർഗൂസനൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലക സ്ക്വാഡിൽ ഉണ്ടായിരുന്നതിന്റെ തഴമ്പുമായാണ് അടുത്തസീസണിൽ നെതർലൻഡുകാര റെനെ മ്യൂളസ്റ്റീനെത്തിയത്.എന്നാൽ സീസണിനിടെ പുറത്താപ്പെടാനായിരുന്നു മ്യൂളൻസ്റ്റീനിനും വിധി. തുടർന്ന് ആദ്യ സീസൺ കഴിഞ്ഞ മടങ്ങിയിരുന്ന ഡേവിഡ് ജയിംസിനെ കോച്ചായി തിരികെവിളിച്ചു. നാലാം സീസണിൽ ടീമിനെ ആറാം സ്ഥാനത്ത് എത്തിച്ച ജയിംസ് അഞ്ചാം സീസണിലും കോച്ചായി തുടർന്നു. പക്ഷേ അഞ്ചാം സീസണിന്റെ പാതിവഴിയിൽ പടിയിറക്കപ്പെട്ടു. മൂന്നു വർഷത്തെ കരാർ റദ്ദാക്കിയാണ് ജെയിംസിനെ പറഞ്ഞുവിട്ടത്. തുടർന്ന് ഇംഗ്ളണ്ടുകാരനല്ലാത്ത ആദ്യത്തെ കോച്ചിനെ ബ്ളാസ്റ്റേഴ്സിന് ലഭിച്ചു, പോർച്ചുഗീസുകാരൻ നെലൊ വിൻഗാഡ. പരിശീലകനായി. വിൻഗാദയ്ക്ക് അധികം വിജയ കഥകൾ രചിക്കാൻ സീസണിൽ സമയമുണ്ടായിരുന്നില്ല. 9–ാം സ്ഥാനത്തായിരുന്നു ബ്ലാസ്റ്റേഴ്സ് ഈ സീസൺ അവസാനിപ്പിച്ചത്. വിൻഗാദ അടുത്ത സീസണിലും തുടരുമെന്ന് ടീം സൂചന നൽകിയെങ്കിലും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സിയിൽ നിന്ന് എൽകോ ഷാട്ടോരിയെ എത്തിക്കുകയായിരുന്നു ടീം മാനേജ്മെന്റ്.

നെതർലൻഡുകാരനായ ഷാട്ടോരി ആറാം സീസണിൽ പ്രതീക്ഷകൾ ഉണർത്തിയെങ്കിലും പ്ലേഓഫിൽ കടക്കാനായില്ല. പ്രധാന താരങ്ങളുടെ പരുക്കുകൾ കാരണം തനിക്ക് സെറ്റായൊരു പ്ളേയിംഗ് ഇലവനെ കളത്തിലിറക്കാൻ കഴിയാത്തതുൾപ്പടെയുളള തടസങ്ങളാണ് ഷാട്ടോരിക്ക് തിരിച്ചടിയായത്. തന്റെ പ്രശ്ന്ളൊക്കെയും ഷാട്ടരി തുറന്നുപറഞ്ഞെങ്കിലും അടുത്ത സീസണിന് കാത്തുനിൽക്കാതെ മടങ്ങിക്കോളാനായിരുന്നു മറുപടി.

അ്നെയാണ് മോഹൻ ബഗാന് ഐ ലീഗ് കിരീടം നേടിക്കൊടുത്ത കിബു വിക്കൂന വരുന്നത്. എന്നാൽ തോൽവികളും സമനിലകളുമായി ടീം മുന്നേറുമ്പോൾ കിബുവിനായി മടക്കടിക്കറ്റ് ഒരുങ്ങുന്നത് ഉറപ്പായിരുന്നു പരസ്പര ധാരണയോടെയാണ് പടിയിറങ്ങുന്നതെന്ന് കിബു പറയുന്നുണ്ടെങ്കിലും ബ്ളാസ്റ്റേഴ്സിന്റെ രീതി വച്ച് പുറത്താക്കലല്ലാതെ മറ്റൊന്നുമാകില്ല. . സീസണിലെ അവസാന രണ്ടു മത്സരങ്ങളിൽ സഹപരിശീലകൻ ഇഷ്ഫാഖ് അഹമ്മദിനാണ് ചുമതല.

ഒാരോ സീസണിലും ബ്ളാസ്റ്റേഴ്സ്

2014 - രണ്ടാം സ്ഥാനം

2015– എട്ടാം സ്ഥാനം

2016– രണ്ടാം സ്ഥാനം

2017/18– ആറാം സ്ഥാനം

2018 /19– ഒൻപതാം സ്ഥാനം

2019 /20– ഏഴാം സ്ഥാനം

2020/21 - 10–ാം സ്ഥാനം

കൊമ്പനും പാപ്പാന്മാരും

ഡേവിഡ് ജയിംസ്

2014

പീറ്റർ ടെയ്‌ലർ

2015

ട്രവർ മോർഗൻ

2015

ടെറി ഫൈലാൻ

2015

സ്റ്റീവ് കൊപ്പൽ

2016

റെനെ മ്യൂളസ്റ്റീൻ

2017–18

ഡേവിഡ് ജയിംസ്

2017–18,2018–19

നെലോ വിൻഗാദ

2018–19

എൽകോ ഷാട്ടോരി

2019–20

കിബു വികുന

2020–21

പരിശീലകരും പരിശീലിപ്പിച്ച മത്സരങ്ങളുടെ എണ്ണവും

(പരിശീലകൻ, ആകെ മത്സരം, ജയം, തോൽവി, സമനില ക്രമത്തിൽ)

ഡേവിഡ് ജയിംസ് : 40 - 12 -15 -13

എൽകോ ഷട്ടോരി 18- 4- 7- 7

സ്റ്റീവ് കൊപ്പൽ: 17 -7 -6 -4

കിബു വികുന 14 -3- 5 - 6

ടെറി ഫൈലാൻ : 7- 2 -3- 2

റെനെ മ്യൂളസ്റ്റീൻ 7- 1 -2 -4

നെലോ വിൻഗാദ 7 -1 -3 -3

പീറ്റർ ടെയ്‌ലർ : 6- 1- 4 -1

ട്രവർ മോർഗൻ : 1- 0- 0- 1

9

പരിശീലകരെയാണ് ഇതിനകം ബ്ളാസ്റ്റേഴ്സ് പരീക്ഷിച്ചിരുക്കന്നത്. പത്തുപരിശീലകരെ പരീക്ഷിച്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മാത്രമാണ് ഇക്കാര്യത്തിൽ ബ്ളാസ്റ്റേഴ്സിന് മുന്നിലുള്ളൂ.രണ്ട് ക്ളബുകളും ഇതുവരെ കിരീടം തൊട്ടിട്ടില്ലെന്നത് മറ്റൊരു കാര്യം.