ranjan-gogoi

ന്യൂഡൽഹി: സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് എതിരായ ലൈംഗിക ആരോപണത്തിന് പിന്നിൽ ഗൂഢാലോചന തളളിക്കളയാൻ ആകില്ലെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതി. ജസ്റ്റിസ് എ കെ പട്നായിക് നൽകിയ റിപ്പോർട്ടിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് സുപ്രീംകോടതി അറിയിച്ചു. ജുഡീഷ്യൽ തലത്തിലും ഭരണതലത്തിലും രഞ്ജൻ ഗൊഗോയി എടുത്ത കർശന നടപടികൾ ഗൂഢാലോചനയ്ക്ക് കാരണമായേക്കാമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

അസം എൻ ആർ സി കേസിൽ ഗോഗോയി എടുത്ത കടുത്ത നിലപാട് ഗൂഢാലോചനയ്‌ക്ക് കാരണമായിട്ടുണ്ടാകാമെന്ന് ഐ ബി റിപ്പോർട്ട് നൽകിയെന്നാണ് സുപ്രീംകോടതി വ്യക്തമാക്കുന്നത്. രണ്ട് വർഷം മുമ്പുളള പരാതി ആയതിനാൽ തുടരന്വേഷണത്തിന് സാദ്ധ്യതയില്ലെന്നും അതിനാൽ കേസ് അവസാനിപ്പിക്കുന്നുവെന്നും സുപ്രീംകോടതി അറിയിച്ചു.

2018ലാണ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ യുവതി ലൈംഗിക പീഡന പരാതി നൽകിയത്. തൊട്ടുപിന്നാലെ ഇവരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. പരാതി ജസ്റ്റിസ് എസ് എ ബോബ്‍ഡെ അദ്ധ്യക്ഷനായ സമിതി അന്വേഷിക്കുകയും തളളുകയും ചെയ്‌തിരുന്നു. മുൻ കോടതി ജീവനക്കാരി കൂടിയായ യുവതി ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്ന് പരാതി തളളിയത്. അന്വേഷണത്തിൽ ജസ്റ്റിസ് ഗൊഗോയിക്ക് അന്വേഷണ സമിതി ക്ലീൻ ചിറ്റും നൽകി.

കഴിഞ്ഞ മാസം, യുവതിക്ക് സുപ്രീംകോടതിയിൽ പുനർനിയമനം നൽകിയിരുന്നു. യുവതിയെ പിരിച്ചുവിട്ട ഉത്തരവ് റദ്ദാക്കി, പഴയ ജോലിയിൽ തിരിച്ചെടുക്കുകയായിരുന്നു. ഇവർക്ക് ജോലി നഷ്‌ടമായ കാലയളവിലെ ശമ്പളവും ആനുകൂല്യങ്ങളും നൽകികൊണ്ടാണ് ജോലിയിൽ പുനർനിയമിച്ചത്.