
തിരുവനന്തപുരം: ആവശ്യം നേടിയെടുക്കാൻ ആരുമായും ചർച്ചയ്ക്ക് തയ്യാറാണെന്നും ഇനി സമരരീതി മാറുമെന്നും സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന എൽ ജി എസ് ഉദ്യോഗാർത്ഥികളുടെ പ്രതിനിധി ലയരാജേഷ് പറഞ്ഞു. ഈമാസം 20മുതൽ കൂടുതൽപേർ സമരത്തിനെത്തുമെന്നും ലയ അറിയിച്ചു.
'ചർച്ചയ്ക്കായി മന്ത്രിമാരെ സമീപിച്ചു. കഴിഞ്ഞദിവസം മന്ത്രി ഇ പി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചു. പക്ഷേ, പിന്നീട് പ്രതികരണമുണ്ടായിട്ടില്ല. ചർച്ചകൾക്കായി ഇനിയും മന്ത്രിമാരെ അങ്ങോട്ട് വിളിക്കും. ഇന്ന് മുതൽ ഉദ്യോഗാർത്ഥികളുടെ ഉപവാസ സമരം ആരംഭിക്കുകയാണെന്നും ലയ വ്യക്തമാക്കി.
അതിനിടെ ഉദ്യോഗാർത്ഥികളുടെ സമരം ശക്തമായി തുടരുകയാണ്. എൽ ജി എസ് ഉദ്യോഗാർത്ഥികളുടെ സമരം 24 ദിവസം പിന്നിട്ടു. സിവിൽ പൊലീസ് റാങ്ക് ഹോൾഡേഴ്സിന്റെ സമരം പതിനൊന്നാം ദിവസത്തിലാണ് . കെഎസ്ആർടിസി മെക്കാനിക്കൽ ഗ്രേഡ് 2 ഉദ്യോഗാർത്ഥികളും സമരവുമായി രംഗത്തെത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയുമായോ മന്ത്രിതലത്തിലോ ചർച്ചയ്ക്കുള്ള അവസരം കിട്ടാതെ സമരം അവസാനിപ്പിക്കില്ലെന്ന് എൽ.ജി.എസ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഇന്നലെ ഡിവൈഎഫ്ഐ നേതാക്കൾ എൽ ജി എസ് ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. ഒരു വിഭാഗം സമരം അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് സജീഷ് പറഞ്ഞെങ്കിലും ഇതേക്കുറിച്ച് ഉദ്യോഗാർത്ഥികൾ പ്രതികരിച്ചിട്ടില്ല.