
കോഴിക്കോട്: ന്യൂനപക്ഷ വർഗീയതയാണ് കൂടുതൽ അപകടകരം എന്ന് പ്രസ്‌താവനയിൽ നിന്ന് പിന്നാക്കം പോയി സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. പ്രസ്‌താവന വിവാദമായതോടെയാണ് വിജയരാഘവന്റെ മലക്കം മറിച്ചിൽ. ഏറ്റവും തീവ്രമായ വർഗീയത ന്യൂനപക്ഷ വർഗീയതയല്ലേ? അതിനെ ചെറുക്കാൻ നാമെല്ലാം ഒരുമിക്കണ്ടേ? എന്നായിരുന്നു വിജയരാഘവൻ കോഴിക്കോട് മുക്കത്ത് വികസന മുന്നേറ്റ ജാഥയ്‌ക്ക് നൽകിയ സ്വീകരണത്തിൽ പ്രസംഗിച്ചത്.
ന്യൂനപക്ഷ വർഗീയതയാണ് തീവ്രമായ വർഗീയതയെന്ന് പറഞ്ഞിട്ടില്ല. ഭൂരിപക്ഷ വർഗീയതയാണ് ഏറ്റവും അപകടകരം. അധികാരത്തിന്റെ സ്വാധീനം അതിനുണ്ടെന്നും തന്റെ പ്രസംഗം മാദ്ധ്യമങ്ങൾ ദുർവ്യഖ്യാനം ചെയ്‌തുവെന്നും വിശദീകരണത്തിൽ വിജയരാഘവൻ പറഞ്ഞു.
ന്യൂനപക്ഷം അനുഭവിക്കുന്ന ഒരു പ്രയാസമുണ്ട് നമ്മുടെ നാട്ടിൽ. ന്യൂനപക്ഷ വർഗീയതയും വർഗീയതയാണ്. അതിനെ ഒരിക്കലും നമുക്ക് പ്രോത്‌സാഹിപ്പിക്കാനാകില്ല. തങ്ങൾ വോട്ട് കണക്കാക്കി പറയുന്നതല്ല ഇതെന്നും വിജയരാഘവൻ പറഞ്ഞു. രമേഷ് പിഷാരടി ഉൾപ്പടെ താരങ്ങൾ കോൺഗ്രസിൽ ചേരുന്നത് ടൈറ്റാനിക്കിന് ടിക്കറ്റ് എടുക്കുന്നതിന് തുല്യമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു.
വിജയരാഘവന്റെ പരാമർശത്തോട് ലീഗ് നേതാക്കൾ രൂക്ഷമായി പ്രതികരിച്ചു. വിജയരാഘവന് ബിജെപി നേതാക്കളുടെ അതേ സ്വരവും മനോഭാവവുമാണെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് അഭിപ്രായപ്പെട്ടു.