
പാലായിലെ അങ്കത്തട്ടിൽ സത്യക്രിസ്ത്യാനികളായ ജോസും കാപ്പനും അങ്കം കുറിക്കാൻ നിർബന്ധിതരായതോടെ ആരാകും ചന്തു ,ആരാകും ആരോമൽ ചേകവർ എന്ന് പ്രവചിക്കാൻ കഴിയാത്ത സസ്പെൻസിലാണ് കേരള രാഷ്ടീയം. ഇടതു മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച് അട്ടിമറി ജയം നേടിയ കാപ്പനാണ് സ്വയം പുറത്തുചാടി ഇപ്പോൾ യു.ഡി.എഫിലെത്തിയത്. യു.ഡി.എഫിൽ നിന്ന് പുറത്തായി എൽഡി.എഫിൽ എത്തിയതാണ് ജോസ് . ഇരുവരും ഏറ്റുമുട്ടുന്ന പാലാ നിയമസഭാ തിരഞ്ഞെടുപ്പെന്ന് പറഞ്ഞാൽ ഒരൊന്നന്നര തിരഞ്ഞെടുപ്പെന്നു പറയേണ്ടി വരും .
കാപ്പൻ പാലായിൽ ചെന്നിത്തലയുടെ കേരളയാത്രാ വേദിയിലേക്ക് തല ഉയർത്തി ആടി ഉലഞ്ഞു കയറി വന്നത് കണ്ട് കേരളകോൺഗ്രസ് നേതാവ് പി.ജെ ജോസഫ് പറഞ്ഞത് തിരുനക്കര കൊച്ചു കൊമ്പന്റെ തലയെടുപ്പോടെയുള്ള വരവെന്നായിരുന്നു. ചെന്നിത്തലയുടെ യാത്രയെ കടത്തി വെട്ടിയ ജീപ്പ് യാത്രയോടെ യു.ഡി.എഫ് വേദിയിൽ ചാടിക്കയറി എൽ.ഡി.എഫിൽ നിന്ന് രാജിവെച്ചെന്നു പ്രഖ്യാപിച്ചതു കേട്ട് കുളിരു കോരുകയായിരുന്നു കാപ്പന്റെ പടയാളികൾ.
ഒന്നേകാൽ വർഷത്തിനുള്ളിൽ പാലായിൽ 500 കോടിയോളം രൂപയുടെ വികസനം നടത്തിയതിന് മുഖ്യമന്ത്രി പിണറായി വിജയന് യു.ഡി.എഫ് വേദിയിൽ പരസ്യമായി നന്ദി പറഞ്ഞപ്പോൾ ഞെട്ടിയത് കേരളത്തിൽ ഒരു വികസനവും നടക്കുന്നില്ലെന്നു പറഞ്ഞ് കേരളയാത്ര നടത്തുന്ന ചെന്നിത്തലയും മറ്റ് യു.ഡി.എഫ് നേതാക്കളുമായിരുന്നു .തന്റെ എതിരാളി ആകുന്ന ജോസിനെ ജൂനിയർ മാൻഡ്രേക്കെന്നും പാലായിലെ പോപ്പെന്നും വിശേഷിപ്പിച്ചതിനു ജോസ് കാപ്പനെപ്പോലെ മറുപടി പറഞ്ഞില്ല.സാക്ഷാൽ പി.സി.ജോർജോ ജോർജോ എം.എം. മണിയോ ആയിരുന്നെങ്കിൽ വൺടൂ ത്രീ കാണാമായിരുന്നെന്നാണ് പാലാക്കാർ അടക്കം പറയുന്നത്
' ജയിച്ചവർക്ക് സീറ്റില്ല . തോറ്റവർക്ക് സീറ്റ് ' ഈ നീതികേടിന്റെ പേരിൽ മുന്നണി വിടണമെന്ന മാണി സി. കാപ്പന്റെ ആവശ്യത്തോട് എൻ.സി.പി ദേശീയ നേതൃത്വം മുഖം തിരിച്ചു. പീതാംബരൻ മാസ്റ്ററെങ്കിലും ഒപ്പം വരുമെന്ന് കരുതിയെങ്കിലും വരാതിരുന്നതോടെ കാപ്പൻ ഒറ്റയ്‌ക്കു യു.ഡി.എഫിലേക്ക് ചാടി. എൻ.സി.പിയിൽ നിന്നു പുറത്തുമായി. മൂന്നു സീറ്റു വാങ്ങി യു.ഡി.എഫിൽ പുതിയ ഘടകകക്ഷിയാകുമെന്നു കാപ്പൻ പറയുന്നുണ്ടെങ്കിലും അതു വല്ലതും നടക്കുമോ എന്നു കണ്ടറിയണം. കോൺഗ്രസിൽ ചേർന്ന് കൈപ്പത്തിയിൽ മത്സരിക്കണമെന്ന മുല്ലപ്പള്ളിയുടെ നിർദ്ദേശം കാപ്പൻ തള്ളിയത് ഘടകകക്ഷി നേതാവായാൽ യു.ഡി.എഫും താനും ജയിച്ചാൽ മന്ത്രിയാകാം എന്ന കണക്കു കൂട്ടലിലാണ്. കൈപ്പത്തിയിൽ ജയിച്ചാൽ അത് നടക്കില്ലെന്ന് മുൻകൂട്ടി മനസിലാക്കിയാണ് കാപ്പന്റെ കാഞ്ഞബുദ്ധിയിൽ പുതിയ പാർട്ടി രൂപീകരണം ഉണ്ടായത് .
കാപ്പനും ജോസും ഏറ്റു മുട്ടുമ്പോൾ പാണന്മാർക്ക് പാടാൻ കഥകൾ ഏറെയാണ്. കെ.എം.മാണിയെ രാഷ്ടീയത്തിൽ കൊണ്ടു വന്നത് തന്റെ പിതാവ് ചെറിയാൻ ജെ കാപ്പനാണെന്നാണ് മാണി സി കാപ്പൻ പറയുന്നത്. അങ്ങനെയെങ്കിൽ പാലായിലെ അങ്കം ആശാന്റെയും ശിഷ്യന്റെയും മക്കൾ തമ്മിലാകും. കാപ്പൻ ജയിച്ചാൽ മൂന്നു തവണ തന്നെ തോൽപ്പിച്ച നേതാവിന്റെ മകനെ തോൽപ്പിച്ചെന്ന് പറയാം. ജോസ് ജയിച്ചാൽ മൂന്നു തവണ അച്ചാച്ചൻ തോൽപ്പിച്ചയാളെ മകൻ വീണ്ടും തോൽപ്പിച്ചെന്നു പറയാം.
ഇടതു മുന്നണിയെ വഞ്ചിച്ച കാപ്പൻ എം.എൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇടതു മുന്നണി രംഗത്തുണ്ട്. പാലായിൽ പദയാത്രയുമായ് ജോസും കളത്തിലിറങ്ങി .യു.ഡി.എഫിനെ വഞ്ചിച്ച ജോസ് വിഭാഗം എം.എൽ.എമാർ ആദ്യം രാജിവെച്ചു ധാർമ്മികത കാണിക്കാനാണ് കാപ്പന്റെ മറുപടി. ജോസിനെ യു.ഡി.എഫ് പുറത്താക്കിയതാണ് . ജോസിന്റെ കൂടി വോട്ടു വാങ്ങി ജയിച്ച യു.ഡി.എഫ് എം.എൽഎമാർ ആദ്യം രാജിവെക്കെട്ടെയെന്നാണ് എൽ.ഡി.എഫ് വിശദീകരണം. ഏതായാലും പാലായിലെ പോരാട്ടത്തിൽ തീപാറുമെന്ന് ഉറപ്പായി . . ക്ലൈമാക്സ് ആന്റീക്ലൈമാക്സ് ആകുമോ എന്നു മാത്രം ഇനി അറിഞ്ഞാൽ മതി !..
.