kwa

തിരുവനന്തപുരം: നഷ്ടത്തിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിട്ടിക്ക് ജീവശ്വാസം നൽകി കോർപ്പറേഷന്റെ ഓൺലൈൻ വാട്ടർ സപ്ളൈ സംവിധാനം. ഒരു വർഷം കൊണ്ട് ഈ സംവിധാനത്തിലൂടെ വാട്ടർ അതോറിട്ടിക്ക് വരുമാനമായി ലഭിച്ചത് 1.62 കോടിയാണ്.

കുടിവെള്ള ക്ഷാമം ഉള്ള പ്രദേശങ്ങളിൽ ഓൺലൈൻ വഴി ബുക്ക് ചെയ്താൽ ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കുന്ന സംവിധാനമാണിത്. ഓരോ ബുക്കിംഗിനും ടാങ്കറുകളുടെ സംഭരണ ശേഷി അനുസരിച്ച് 120 രൂപ മുതൽ 1080 രൂപ വരെയാണ് വാട്ടർ അതോറിട്ടിക്ക് വിഹിതമായി ലഭിക്കുക. 2000 ലിറ്റർ ടാങ്കർ വെള്ളം എത്തിക്കുമ്പോൾ വാട്ടർ അതോറിട്ടിക്ക് 120 രൂപയാണ് ലഭിക്കുക. 18,​000 ലിറ്റർ ടാങ്കറിന് 1080 രൂപയും വിഹിതമായി ലഭിക്കും.

 പ്രതിദിനം 2 ലക്ഷം വരെ

ഓൺലൈൻ സംവിധാനം വഴി പ്രതിദിനം 90,​000 രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെയാണ് വരുമാനം ലഭിക്കുക. ഉപഭോഗം കൂടുതലുള്ള ദിവസങ്ങളിൽ മൂന്ന് ലക്ഷം വരെ ലഭിക്കും. ഈ സംവിധാനത്തിലൂടെ കോർപ്പറേഷന് 27 ലക്ഷം രൂപയാണ് പ്രതിവർഷം ലഭിക്കുന്നത്. ലോക്ക് ഡൗണിനെ തുടർന്ന് കുറഞ്ഞ വരുമാനം ഇനിവരും മാസങ്ങളിൽ ഉയരുമെന്ന് വാട്ടർ അതോറിട്ടി അധികൃതർ പറഞ്ഞു. ലോക്ക് ഡൗണിനെ തുടർന്ന് വ്യാവസായിക സ്ഥാപനങ്ങളിൽ അടക്കമുള്ളവ പ്രവർത്തിക്കാതിരുന്നതിനാലാണ് വരുമാനത്തിൽ ഇടിവുണ്ടായത്.

 സംവിധാനം ഇങ്ങനെ

കുടിവെള്ളെ വിതരണം ചെയ്യുന്നതിനുള്ള ടാങ്കറുകൾക്ക് പ്രത്യേകം രജിസ്ട്രേഷനും ലൈസൻസും വേണം. ഇവയിൽ സ്വകാര്യ ടാങ്കറുകളും വാട്ടർ അതോറിട്ടിയുടെ ടാങ്കറുകളും ഉണ്ട്. ആവശ്യക്കാർക്ക് ഏത് ടാങ്കർ വേണമെങ്കിലും തിരഞ്ഞെടുക്കാം. മാത്രമല്ല,​ ടാങ്കറുകളിൽ ജി.പി.എസ് ട്രാക്കിംഗ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളം ശേഖരിക്കുന്ന വാട്ടർ അതോറിട്ടിയുടെ സംഭരണ ശാലകളിൽ കാമറ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ രജിസ്റ്റർ ചെയ്യാത്ത ടാങ്കറുകൾ ഇവിടെ നിന്ന് അനധികൃതമായി വെള്ളം ശേഖരിക്കുന്നുണ്ടോയെന്ന് കണ്ടെത്താനാകും. ലൈസൻസ് നൽകുന്ന സമയത്ത് ഒറ്റത്തവണയായുള്ള നിശ്ചിത ഫീസും ഈടാക്കും. ബുക്കിംഗ് കഴിഞ്ഞാൽ മുൻഗണനാക്രമം അനുസരിച്ചാണ് പാസുകൾ നൽകുക. ഇതിനായി നഗരസഭയുടെ സ്മാർട്ട് ട്രിവാൻഡ്രം ആപ്പ് ഉപയോഗിക്കുന്നുണ്ട്. സംഭരണ ശാലകളിൽ ഡ്രൈവർമാർ ക്യുആർ കോഡ് സ്‌കാൻ ചെയ്താൽ ഡിജിറ്റൽ പാസുകൾ ലഭിക്കും. പിന്നാലെ ഉപഭോക്താവിന് ഒരു ഒ.ടി.പി നമ്പർ ലഭിക്കും. ഇത് ഡ്രൈവറുമായി പങ്കുവയ്ക്കുന്നതോടെ കുടിവെള്ളം നൽകുന്നത് പൂർത്തിയാകും.

 സെപ്റ്റേജ് മാലിന്യ സംവിധാനവും വിജയം

2019 നഗരസഭ ഏപ്രിലിൽ ആരംഭിച്ച ഓൺലൈൻ സെപ്റ്റേജ് മാലിന്യ സംവിധാനവും വിജയമായിരുന്നു. രണ്ട് വർഷം കൊണ്ട് 5.5 കോടി രൂപയാണ് കോർപ്പറേഷന് ആകെ വരുമാനമായി ലഭിച്ചത്. വീടുകളിലും അപ്പാർട്ട്മെന്റുകളിലും വിവിധ സ്ഥാപനങ്ങളിൽ നിന്നുമായി ഇതുവരെ 8.29 കോടി ലിറ്റർ മാലിന്യങ്ങളാണ് മുട്ടത്തറയിലെ മാലിന്യ നിർമ്മാർജന പ്ളാന്റിലേക്ക് കൊണ്ടുപോയി സംസ്കരിച്ചത്. പദ്ധതിക്കായി പ്രവർത്തിക്കുന്ന ടാങ്കർ ലോറി ഉടമസ്ഥർക്ക് നൽകാനുള്ള തുക നൽകിയ ശേഷം കോർപ്പറേഷന് 1.35 കോടിയാണ് വരുമാനം ലഭിച്ചു.