
മൊഹ്റയിലെ മസ്ത് മസ്ത് എന്ന ഗാനത്തിലൂടെ രാജ്യമെമ്പാടും ആരാധകരെ നേടിയ രവീണ ടണ്ടൻ അഭിനയരംഗത്ത്
മൂന്നു പതിറ്റാണ്ട് പിന്നിടുന്നു
ബോളിവുഡിലെ സുന്ദരമുഖങ്ങളിലൊന്നായ രവീണ ടണ്ടൻ മാറിയിട്ട് മുന്ന് പതിറ്റാണ്ട് പിന്നിടുന്നു. പത്ഥർ കെ ഫൂലിൽ കിരൺ ഖന്നയായി ബോളിവുഡ് സിനിമയിൽ അരങ്ങേറ്റം കുറിച്ച രവീണ ഇന്നും ബോളിവുഡ് സിനിമ പ്രേക്ഷകർ ഓർത്തിരിക്കുന്ന എത്രയെത്രെ കഥാപാത്രങ്ങൾക്ക് ജന്മം നൽകിയിരിക്കുന്നു. ഹിന്ദിയിൽ തൊണ്ണൂറിലധികം സിനിമകളിൽ അഭിനയിച്ച രവീണ തമിഴിലും തെലുങ്കിലും കന്നഡയിലും സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. ആദ്യ സിനിമയിൽ തന്നെ പുതുമുഖത്തിനുള്ള പുരസ്കാരങ്ങൾ രവീണയെ തേടിയെത്തി. പ്രേക്ഷകർ ഏറെ ആവേശത്തിൽ കാത്തിരിക്കുന്ന കെ ജി എഫ് ചാപ്റ്റർ രണ്ടിൽ യാഷിനൊപ്പവും സഞ്ജയ് ദത്തിനൊപ്പവും പ്രധാന വേഷത്തിൽ രവീണഎത്തുന്നുണ്ട് . ഇരുപത്തിരണ്ട് വർഷങ്ങൾക്ക് ശേഷമാണ് രവീണ കന്നഡ സിനിമയിൽ അഭിനയിക്കുന്നത്.ഉപേന്ദ്രയായിരുന്നു കന്നടയിൽ രവീണ ആദ്യമായി അഭിനയിച്ച സിനിമ.
നീണ്ട ഇടവേളയ്ക്ക് ശേഷം രവീണ കന്നഡ സിനിമയിലേക്ക് തിരിച്ചുവരുമ്പോൾ താരത്തിന്റെ ആരാധകരും ആവേശത്തിലാണ്.
തൊണ്ണൂറുകളിൽ സൂപ്പർഹിറ്റായ മൊഹ്റ, സമാന ദീവാന ,ഖിലാഡിയോം കാ ഖിലാഡി, സിദ്ദി എന്നീ ചിത്രങ്ങളിൽ നായികമുഖമായതോടെ രവീണ ബോളിവുഡിൽ തന്റെ സ്ഥാനം ഉറപ്പിച്ചു. മൊഹ്റയിലെ തൂ ചീസ് ബഡീഹേ മസ്ത് മസ്ത് എന്ന രവീണ ആടിത്തിമിർത്ത സൂപ്പർഹിറ്റ് ഗാനത്തിന്പുതിയ കാലത്തും ആരാധകർ ഏറെയാണ്. ഏറെക്കാലം ബോളിവുഡിൽ മസ്ത് മസ്ത് ഹീറോയിൻ എന്ന ഒാമന പേരിലാണ് രവീണ അറിയപ്പെട്ടത്. വാണിജ്യ സിനിമകളിൽ അഭിനയിച്ച രവീണ സമാന്തര സിനമകളിലും സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. 2001ൽ എ വിക്ടിം ഓഫ് മാർഷ്യൽ വയലൻസിലെ അഭിനയത്തിനു മികച്ച അഭിനേത്രിക്കുള്ള ദേശീയപുരസ്കാരം രവീണയെ തേടിയെത്തി.
സിനിമ നിർമാതാവായ രവി ടണ്ടന്റേയും വീണയുടെയും മകളായി ജനിച്ച രവീണ ബിരുദ പഠനത്തിനിടയിലാണ് സിനിമയിൽ അഭിനയിക്കുന്നത്. വിവാഹത്തിന് മുൻപ് 1991 ൽ ഛായയെന്നും പൂജയെന്നും പേരുള്ള രണ്ടു പെൺകുട്ടികളെ രവീണ ദത്തെടുത്തത് വാർത്തകളിൽ ഇടം നേടിയിരുന്നു. പിന്നീട് 2004 ൽ സിനിമ വിതരണക്കാരനായ അനിൽ തദാനിയെ വിവാഹം ചെയ്തു അതിൽ റാഷ, രൺബീർ തദാനി എന്നീ രണ്ടു മക്കളുണ്ട്. വിവാഹത്തോടെ അഭിനയത്തിന് താത്കാലിക വിരാമമിട്ട രവീണ എട്ടുവർഷം മുൻപ് ഇസി കാ നാം സിന്തഗി എന്ന ടിവി ഷോയിലൂടെയാണ് െെലം െെലറ്റിലേക്ക് തിരിച്ചുവന്നത്. സിംപ്ളി ബാത്തേം വിത്ത് രവീണ എന്ന ടിവി ഷോയും ശ്രദ്ധേയമായി. മാത്ര് എന്ന ത്രില്ലറിലൂടെ സിനിമയിലേക്കും തിരിച്ചെത്തി. ചിൽഡ്രൻസ് ഫിലിം സൊ െെസറ്റി ഒഫ് ഇന്ത്യയുടെ ചെയർപേഴ്ണായിരുന്നു.