texas

വാഷിംഗ്ടൺ: അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങൾ അതിശൈത്യം മൂലം വൻ പ്രതിസന്ധിയിലാണ്. ഇവിടങ്ങളിൽ ജനജീവിതം നിശ്ചലമായിക്കഴിഞ്ഞു. ടെക്സാസിലെ സ്ഥിതിയാണ് ഏറ്റവും രൂക്ഷം.ടെക്സാസിൽ ഇതുവരെ 21 പേർ മരിച്ചെന്നാണ് റിപ്പോർട്ടുകൾ. കനത്ത മഞ്ഞുവീഴ്ചയും മൈനസിന് താഴെ തുടരുന്ന താപനിലയും മൂലം ടെക്സാസ് ജനത വലയുകയാണ്. നാലിഞ്ചിന് മേൽ കനത്തിലാണ് ടെക്‌സാസിൽ മഞ്ഞുവീഴുന്നത്. സംസ്ഥാനത്ത് 2.7 ദശലക്ഷം വീടുകളിൽ വൈദ്യുതി നിലച്ചു. ഇക്കാരണത്താൽ, വീടുകൾക്കുള്ളിൽ താപനില വർദ്ധിപ്പിക്കാൻ സഹായിക്കുന്ന സംവിധാനം പ്രവർത്തിപ്പിക്കാൻ സാധിക്കുന്നില്ല. പ്രകൃതി വാതക കിണറുകൾ, ഇവ വിതരണം ചെയ്യാനുള്ള കുഴലുകൾ, കാറ്റാടി യന്ത്രങ്ങൾ എന്നിവ കനത്ത മഞ്ഞിൽ തണുത്തുറഞ്ഞതോടെ തടസ്സപ്പെട്ട വൈദ്യുതി ഉത്പാദനവും വിതരണവും ഈ ആഴ്ച അവസാനം മാത്രമേ പുനഃസ്ഥാപിക്കാൻ സാധിക്കൂ എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

ടെക്‌സാസിൽ പ്രധാനമായും പ്രകൃതിവാതകമാണ് ഊർജ്ജോത്പാദനത്തിനുപയോഗിക്കുന്നത്‌. അതിശൈത്യം ഊർജ്ജോത്പാദനത്തെ രൂക്ഷമായി ബാധിച്ചിരിക്കുകയാണ്. ഫെഡറൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസി അടിയന്തരമായി ടെക്‌സാസിൽ ജനറേറ്ററുകൾ വിതരണം ചെയ്യും. സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ പ്രസിഡന്റ് ജോ ബൈഡന്‍ അനുമതി നൽകിയിട്ടുണ്ട്.

 കൂടുതൽ രൂക്ഷമായേക്കാം

കാലാവസ്ഥ ഇതേ രീതിയിൽ തുടർന്നാൽ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്ന്‌ അധികൃതർ മുന്നറിയിപ്പ് നൽകി.കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ടെക്സാസിലെ അടക്കം പല സംസ്ഥാനങ്ങളിലേയും റോഡുകൾ വിജനമാണ്. ശുദ്ധജല വിതരണവും ഭാഗികമായി തടസ്സപ്പെട്ടു. ഹൂസ്റ്റണിലെ ആശുപത്രികളിലും ടെക്‌സാസിലെ ഭൂരിഭാഗം വീടുകളിലും ജലവിതരണം നിലച്ചതായാണ് വിവരം.

 കൊവിഡ് വ്യാപനം കൂടുമെന്ന് ആശങ്ക

അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമാകാത്തത് മൂലം ജനങ്ങൾ കൂട്ടമായി ദുരിതാശ്വാസ കേന്ദ്രങ്ങളിൽ താമസിക്കുന്നത് കൊവിഡ് വ്യാപനം വർദ്ധിപ്പിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു. ടെക്സാസിൽ വാക്‌സിൻ വിതരണവും താത്കാലികമായി നിറുത്തി വച്ചിരിക്കുകയാണ്.

 മറ്റു സംസ്ഥാനങ്ങളും പ്രതിസന്ധിയിൽ

ലൂസിയാന, കെന്റക്കി, മിസ്സോറി എന്നീ സംസ്ഥാനങ്ങളിലും കനത്ത മഞ്ഞു വീഴ്ച തുടരുകയാണ്. വിർജീനിയ മിസ്സിസിപ്പി എന്നിവിടങ്ങളിലും കാലാവസ്ഥ കൂടുതൽ മോശമാകുമെന്ന് മുന്നറിയിപ്പുണ്ട്.