serena

സെറീനയെ കീഴടക്കി നവോമി ഒസാക്ക ആസ്ട്രേലിയൻ ഓപ്പൺ സെമിയിൽ

മുചോവയെ സെമിയിൽ കീഴടക്കിയ ജെന്നിഫർ ബ്രാഡി ഫൈനലിലെ എതിരാളി

പുരുഷ സിംഗിൾസിൽ നൊവാക്ക് ജോക്കോവിച്ച് ഫൈനലിൽ

മെൽബൺ : നാലുവർഷത്തിന് ശേഷമൊരു ഗ്രാൻസ്ളാം കിരീടം കൊതിച്ചെത്തിയ അമേരിക്കൻ വെറ്ററൻ വനിതാ താരം സെറീന വില്യംസിന് ആസ്ട്രേലിയൻ ഓപ്പണിന്റെ സെമിഫൈനലിൽ കണ്ണീരോടെ മടക്കയാത്ര. ഇന്നലെ ജാപ്പനീസ് യുവതാരം നവോമി ഒസാക്കയോട് സെമിയിൽ നേരിട്ടുള്ള സെറ്റുകൾക്ക് തോറ്റാണ് 39കാരിയായ സെറീന പുറത്തായത്. സ്കോർ : 6-3,6-4. ഇതോടെ 24 ഗ്രാൻസ്ളാം കിരീടനേട്ടമെന്ന മാർഗരറ്റ് കോർട്ടിന്റെ ആൾടൈം റെക്കാഡിന് ഒപ്പമെത്താനുള്ള സെറീനയുടെ സ്വപ്നം സഫലമാകാൻ ഇനിയും കാത്തിരിപ്പ് വേണ്ടിവരും.

ഏറെക്കുറെ ഏകപക്ഷീയമായ മത്സരത്തിലാണ് ഒസാക്ക സെറീനയ്ക്ക് മടക്ക ടിക്കറ്റ് സമ്മാനിച്ചത്. ഒരു മണിക്കൂർ 15 മിനിട്ട് മാത്രമാണ് വിജയം നേടാൻ ജാപ്പനീസ് താരത്തിന് വേണ്ടിവന്നത്. 2018 യു.എസ് ഓപ്പണിന്റെ ഫൈനലിൽ സെറീനയെ തോൽപ്പിച്ചായിരുന്നു ഒസാക്കയുടെ കിരീടധാരണം. ഇത് രണ്ടാം തവണയാണ് ഒസാക്ക ആസ്ട്രേലിയൻ ഓപ്പൺ ഫൈനലിലെത്തുന്നത്. അതേസമയം ഏഴുതവണ ഇവിടെ കിരീടം നേടിയിരുന്ന താരമാണ് സെറീന. പക്ഷേ 2017ലെ ആസ്ട്രേലിയൻ ഓപ്പണിന് ശേഷം ഒരു ഗ്രാൻസ്ളാം കിരീടം പോലും നേടാൻ സെറീനയ്ക്ക് കഴിഞ്ഞിട്ടില്ല.2017ന് ശേഷം നാലുതവണ ഗ്രാൻസ്ളാം ഫൈനലുകളിലെത്തിയെങ്കിലും സെറീനയ്ക്ക് ജയിക്കാനാകാതെ പോവുകയായിരുന്നു.

കോർട്ടിലെ തുടർ വിജയങ്ങളുടെ എണ്ണം 20ലേക്ക് നീട്ടിയാണ് ഒസാക്കയുടെ ഫൈനൽ പ്രവേശം. ഇതുവരെ ഗ്രാൻസ്‍‌ലാം ഫൈനലുകളിൽ തോറ്റിട്ടില്ലെന്ന റെക്കോർഡുമായാണ് ഒസാക്കയുടെ വരവ്.മൂന്ന് ഗ്രാൻസ്ളാം കിരീടങ്ങളാണ് ഇതുവരെ ഒസാക്ക നേടിയിരിക്കുന്നത്.2018ലെയു.എസ് ഓപ്പണിലായിരുന്നു ആദ്യ കിരീടം. 2019ൽ ആസ്ട്രേലിയൻ ഓപ്പൺ നേടിയ ഈ 23കാരി 2020ൽ വീണ്ടും യു.എസ് ഓപ്പൺ സ്വന്തമാക്കി.

നാളെ നടക്കുന്ന ഫൈനലിൽ അമേരിക്കയുടെ ജെന്നിഫർ ബ്രാഡിയാണ് ഒസാക്കയുടെ എതിരാളി. ആവേശകരമായ രണ്ടാം സെമിപോരാട്ടത്തിൽ ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന മുചോവയെയാണ് ബ്രാഡി മറികടന്നത്. സ്കോർ 6–4, 3–6, 6–4. ക്വാർട്ടറിൽ ഒന്നാം സീഡ് ആഷ്‍ലി ബാർട്ടിയെ അട്ടിമറിച്ചാണ് മുചോവ തന്റെ ആദ്യ സെമിയിലേക്ക് എത്തിയിരുന്നത്.

അതേസമയം പുരുഷ സിംഗിൾസിൽ നിലവിലെ ചാമ്പ്യനും ലോക ഒന്നാംനമ്പർ താരവുമായ നൊവാക്ക് ജോക്കോവിച്ച് ഫൈനലിലെത്തി. ഇന്നലെ നടന്ന ആദ്യ സെമിയിൽ റഷ്യൻ ക്വാളിഫയർ അസ്‌ലൻ കരാറ്റ്സേവിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് നൊവാക്ക് കീഴടക്കിയത്. സ്കോർ : 6-3,6-4,6-2. എട്ട് തവണ ആസ്ട്രേലിയൻ ഓപ്പൺ സ്വന്തമാക്കിയിട്ടുള്ള താരമാണ് നൊവാക്ക്.

സെറീന കളിക്കുന്നത് കണ്ടാണ് വളർന്നത്. ഇപ്പോൾ അവർക്കെതിരെ കോർട്ടിലിറങ്ങി കളിക്കാൻ കഴിയുന്നത് സ്വപ്നം പോലെയാണ് തോന്നുന്നത്.

- നവോമി ഒസാക്ക.

ജയിക്കാൻ എനിക്ക് ഒരുപാട് അവസരങ്ങളുണ്ടായിരുന്നു. പക്ഷേ ഒന്നും പ്രയോജനപ്പെടുത്താനായില്ല. എന്തുപറ്റിയെന്ന് പറയാൻ പറ്റുന്നില്ല.

- സെറീന വില്യംസ്