
കാബൂൾ: അഫ്ഗാനിസ്ഥാൻ - ഇറാൻ അതിർത്തിയായ ഇസ്‌ലാം ക്വാലയിൽ 500ലധികം ഓയിൽ ടാങ്കറുകൾ അഗ്നിബാധയിൽ കത്തിനശിച്ചതിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്. 13നാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ 60 പേർക്ക് പരുക്കേറ്റതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മാക്‌സറിന്റെ വേൾഡ് വ്യൂ -3 ഉപഗ്രഹം ബുധനാഴ്ച എടുത്ത ചിത്രങ്ങളിൽ സ്ഫോടനത്തിന് ശേഷവും അവശിഷ്ടങ്ങളിൽനിന്ന് പുകയുയരുന്നത് കാണാം. പ്രകൃതിവാതകവും ഇന്ധനവും സൂക്ഷിച്ചിരുന്ന ട്രക്കുകളാണ് നശിച്ചത്. സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച വീഡിയോകളിൽ തീ ഉയരത്തിൽ ആളിപ്പടരുന്നതും കറുത്ത പുക ആകാശം മൂടുന്നതും കാണാം.
പ്രത്യേക ഇളവിന്റെ ഭാഗമായി ഇറാനിൽ നിന്ന് ഇന്ധനവും എണ്ണയും ഇറക്കുമതി ചെയ്യാൻ അമേരിക്ക അഫ്ഗാനെ അനുവദിച്ചിരുന്നു. തീയുടെ ആഘാതം രൂക്ഷമായതിനാൽ അഫ്ഗാനിസ്ഥാന് ഇറാനിൽ നിന്നുള്ള വൈദ്യുതി വിതരണവും നിറുത്തേണ്ടിവന്നു. ഇത് മൂലം പടിഞ്ഞാറൻ നഗരമായ ഹെറാത്ത് ഇരുട്ടിലായി. തീപിടിത്തത്തിൽ ഏകദേശം 50 ദശലക്ഷം ഡോളറിന്റെ നാശനഷ്ടമുണ്ടായെന്നാണ് റിപ്പോർട്ടുകൾ. ഉടൻ കൂടുതൽ കൃത്യമായ കണക്ക് ലഭ്യമാകുമെന്നും ദുരന്തം സങ്കൽപ്പിച്ചതിലും വളരെ വലുതാണെന്നും ഹെറാത്ത് ചേംബർ ഒഫ് കൊമേഴ്‌സ് മേധാവി യൂനസ് ഖാസി സാദ പറഞ്ഞു. ഹെറാത്തിന് 120 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഹൈവേയിലാണ് താലിബാൻ ഭീകരരുടെ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഇസ്ലാം ക്വാല അതിർത്തി.