
മെക്സിക്കോ സിറ്റി:മെക്സിക്കോയിലെ തെരുവുകളിലാണ് 65കാരിയായ ലസ് മരിയ ഒൽമെഡോ ബെൻട്രാൻ എന്ന ഷോലെ അന്തിയുറങ്ങുന്നത്. ലസ് ഒറ്റയ്ക്കല്ല. ഒപ്പം ആറ് നായ്ക്കളുമുണ്ട്. മഴയിൽ നിന്നും വെയിലിൽ നിന്നുമെല്ലാം രക്ഷപ്പെടാനായി ലസിനും നായ്ക്കൾക്കും മാലിന്യം കളയാൻ ഉപയോഗിക്കുന്ന വലിയൊരു പ്ലാസ്റ്റിക്ക് സഞ്ചി മാത്രമാണ് ആശ്രയം.എട്ട് വർഷമായി തെരുവിൽ കഴിയുന്ന ഷോലെയുടെ എല്ലാമാണ് ഈ നായ്ക്കൾ. അധികാരികൾ സംരക്ഷിതഭവനത്തിലേക്ക് മാറാൻ പറഞ്ഞിട്ടും നായ്ക്കളെ കൂടി സ്വീകരിക്കാൻ തയ്യാറാവുന്നിടത്തേ താമസിക്കൂ എന്ന ഉറച്ച തീരുമാനത്തിലാണ് ലസ്.
ഒമർ കമാരിലോ എന്ന ഫോട്ടോഗ്രാഫർ ലസിന്റേയും നായ്ക്കളുടെയും ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ചതോടെയാണ് ഇവരുടെ കഥ ലോകമറിഞ്ഞത്. ജീവിതം തെരുവിലായിട്ടും ആറ് നായ്ക്കളെ ജീവനായി കണ്ട് കൂടെ കൊണ്ടുനടക്കുന്ന ലസിന്റെ നല്ല മനസിനെ വാഴ്ത്തുകയാണ് സമൂഹമാദ്ധ്യമ ലോകം. പൊലീസെത്തി ലസയെ സുരക്ഷിതമായ ഇടത്തിലേക്ക് മാറ്റാൻ ശ്രമിച്ചിരുന്നു. എന്നാൽ, തന്റെ നായ്ക്കളെ ഉപേക്ഷിച്ച് വരാൻ താത്പര്യമില്ലെന്നും തനിക്ക് നിങ്ങളുടെ സഹായം ആവശ്യമില്ലെന്നും തന്റെ ജീവിതം ഇവിടെ സുഖമായി പോകുന്നുണ്ടെന്നും ലസ് അവർക്ക് മറുപടി നൽകി.
ലസിന്റെ കഥയറിഞ്ഞ് അലെജാൻഡ്ര കോർഡോവ എന്ന യുവതി ലസിനും നായ്ക്കൾക്കും ആവശ്യമായ ഭക്ഷണവും, വെള്ളവും, വസ്ത്രവും പുതപ്പുകളുമൊക്കെയായായി എത്തിയിരുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെ ലസിന്റെ ജീവിതം സുക്ഷിതമാക്കാനുള്ള സഹായവും യുവതി അഭ്യർത്ഥിച്ചിട്ടുണ്ട്. ലസിന് ഉടൻ തന്നെ ഒരു നല്ല ജീവിതം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അലെജാൻഡ്രയും ഒമറും.