miss-india

മുംബയ്: മിസ് ഇന്ത്യ റണ്ണറപ് മന്യ സിംഗ് മാതൃവിദ്യാലയത്തിന്റെ ആദരവേറ്റുവാങ്ങാനെത്തിയത് ഓട്ടോറിക്ഷയിൽ. പലർക്കും അവിശ്വസനീയത തോന്നാം. സുന്ദരിപ്പട്ടം നേടിയ മന്യ എന്തുകൊണ്ട് കാർ ഉപയോഗിക്കുന്നില്ലെന്ന് ചോദിച്ചവരോട്

അഭിമാനപൂർവം മന്യ പറഞ്ഞു. "ഞാൻ ഓട്ടോക്കാരന്റെ മകളാണ്. അച്ഛന്റെ വാഹനം എന്റേതുമാണ്. അതിലെനിക്ക് യാതൊരു കുറച്ചിലുമില്ല." മകളുടെ വാക്കുകൾ കേട്ട് അച്ഛന്റെ കണ്ണുകളിൽ സന്തോഷാശ്രു നിറഞ്ഞു.

ഉത്തർപ്രദേശിലെ ഖുശിനഗറിൽ ഓട്ടോറിക്ഷാഡ്രൈവറായ ഓംപ്രകാശിന്റെ മകളായ മന്യ പൂർവവിദ്യാലയത്തിൽ അച്ഛൻ ഓടിച്ച ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.

മന്യയ്ക്കും കുടുംബത്തിനും മുംബയിലെ താക്കൂർ കോളേജ് ഗംഭീര സ്വീകരണമാണ് നൽകിയത്. ജനങ്ങളുടെ ആദരവിൽ മാതാപിതാക്കൾ വികാരഭരിതരായി. ഇവരുടെ കണ്ണുനീർ മന്യ തുടയ്ക്കുന്നതും മാതാപിതാക്കളുടെ കാലിൽ തൊട്ട് വണങ്ങുന്നതുമായ ദൃശ്യങ്ങൾക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്.

മിസ് ഇന്ത്യ വേദി വരെ മന്യ നടന്നു കയറിയത് കഠിനമായ ജീവിതപാതയിലൂടെയാണ്. മത്സരത്തിൽ റണ്ണറപ് ആയ മന്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്ത കുടുംബചിത്രത്തിനൊപ്പമുള്ള കുറിപ്പ് നേരത്തെ വൈറലായിരുന്നു.

ഭക്ഷണവും ഉറക്കവുമില്ലാതെ രാത്രികൾ കഴിച്ചു കൂട്ടേണ്ടി വന്നിട്ടുണ്ട്. വണ്ടിക്കൂലി ലാഭിക്കാൻ എത്രയോ കിലോമീറ്ററുകൾ നടന്നു. പാവപ്പെട്ട ഒരു ഓട്ടോ ഡ്രൈവറുടെ മകളെന്ന നിലയിൽ എനിക്ക് സ്‌കൂളിൽ പോകാൻ കഴിഞ്ഞില്ല. പതിനാലാം വയസിൽ വീടുവിട്ടു പോകേണ്ടി വന്നു. ജോലിക്കു പോയിത്തുടങ്ങി. വൈകിട്ട് ഹോട്ടലിൽ പാത്രങ്ങൾ കഴുകിയും രാത്രി കാൾ സെന്ററിൽ ജോലി ചെയ്തുമാണ് പഠിക്കാനുള്ള പണം ഞാനുണ്ടാക്കിയത്. അമ്മയുടെ അവസാന തരി പൊന്നും പണയം വച്ചാണ് ഡിഗ്രി പരീക്ഷയ്ക്ക് ഫീസടച്ചത്. പക്ഷേ, എന്റെ ചോരയും കണ്ണീരും എന്റെ ആത്മാവിനു ഭക്ഷണമായി. വലിയ സ്വപ്നങ്ങൾ കാണാൻ ഞാൻ ധൈര്യം കാട്ടി. ഈ മിസ് ഇന്ത്യ മത്സരവേദി എന്റെ അച്ഛനെയും അമ്മയെയും സഹോദരനെയും മെച്ചപ്പെട്ട ജീവിതത്തിലേക്കു കൈപിടിച്ചുയർത്താനുള്ള അവസരമായാണ് ഞാൻ കാണുന്നത്. - മത്സരത്തിന് ശേഷം മന്യ സോഷ്യൽമീഡിയയിൽ കുറിച്ചു.

തെലങ്കാനയുടെ മാനസ വാരാണസിയാണ് മിസ് ഇന്ത്യ കിരീടം നേടിയത്. ഹരിയാനയുടെ മനിക ഷീക്കന്ദ് മിസ് ഗ്രാൻഡ് ഇന്ത്യ ആയി തിരഞ്ഞെടുക്കപ്പെട്ടു.