juventus

ലിസ്ബൺ : തങ്ങളുടെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജന്മനാട്ടിൽച്ചെന്ന് യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ആദ്യ പാദ പ്രീക്വാർട്ടറിൽ തോൽവിയേറ്റുവാങ്ങി ഇറ്റാലിയൻ ഫുട്ബാൾ വമ്പൻമാരായ യുവന്റസ്. പോർച്ചുഗീസ് ക്ളബായ പോർട്ടോ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ക്രിസ്റ്റ്യാനോയെയും സംഘത്തെയും കശക്കിവിട്ടത്. സ്വന്തം നാട്ടിൽ യുവന്റസിന്റെ കുപ്പായത്തിലിറങ്ങിയ ആദ്യ മത്സരത്തിലാണ് ക്രിസ്റ്റ്യാനോ തോൽവി വഴങ്ങിയത്.

ഇരു പകുതികളുടെയും തുടക്കസമയത്ത് നേടിയ ഗോളുകളാണ് പോർട്ടോയ്ക്ക് വിജയം നൽകിയത്. പോർട്ടോയ്ക്കായി ഇറാനിയൻ താരം മെഹ്ദി ടരേമി (2), മാലി താരം മൂസ മരേഗ (46) എന്നിവർ ലക്ഷ്യം കണ്ടു. യുവയുടെ ആശ്വാസഗോൾ 82–ാം മിനിട്ടിൽ ഫെഡറിക്കോ ചിയേസ നേടി. കളിയുടെ തുടക്കത്തിൽത്തന്നെ റോഡിഗ്രോ ബെന്റാകറിന്റെ പ്രതിരോധപ്പിഴവിൽ നിന്ന് ഗോൾ വഴങ്ങേണ്ടിവന്ന യുവന്റസ് സമ്മർദത്തിലായിരുന്നു. ഗോളി ഷീഷെൻസ്കിയിൽ നിന്ന് ലഭിച്ച പന്ത് അശ്രദ്ധമായി ഗോളിക്ക് തന്നെ തിരിച്ചുനൽകാൻ ശ്രമിച്ച ബെന്റാകർ സമീപത്തുണ്ടാതിരുന്ന മെഹ്ദിയെ ശ്രദ്ധിക്കാതിരുന്നതാണ് ഗോളിന് വഴിവച്ചത്. മെഹ്ദിയുടെ കരിയറിലെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോളായിരുന്നു ഇത്. പ്രീക്വാർട്ടർ പോരാട്ടത്തിന്റെ രണ്ടാം പാദം യുവന്റസിന്റെ തട്ടകമായ ടൂറിനിൽ മാർച്ച് ഒൻപതിന് നടക്കും.

മറ്റൊരു പ്രീക്വാർട്ടർ പോരാട്ടത്തിൽ സ്പാനിഷ് ടീമായ സെവിയ്യയെ തകർത്ത ജർമനിയിൽനിന്നുള്ള ബൊറൂഷ്യ ഡോർട്ട്മുണ്ടും ആദ്യപാദത്തിൽ മേധാവിത്തം നേടി. സൂപ്പർതാരം എർലിംഗ് ഹാലൻഡ് ഇരട്ടഗോളും ഒരു അസിസ്റ്റുമായി തിളങ്ങിയ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഡോർട്ട്മുണ്ടിന്റെ വിജയം. 27, 43 മിനിട്ടുകളിലായാണ് ഹാലൻഡ് ഇരട്ടഗോൾ നേടിയത്. ഡോർട്ട്മുണ്ടിന്റെ ആദ്യ ഗോൾ ഹാലൻഡിന്റെ പാസിൽ നിന്ന് മഹ്മൂദ് ദഹൂദ് (19) നേടി. ഫെർണാണ്ടസ് സയേസ് (7), ലൂക് ഡി ജോങ് (84) എന്നിവരാണ് സെവിയ്യയ്ക്കായി ലക്ഷ്യം കണ്ടത്. മത്സരത്തിന്റെ രണ്ടാം പാദം മാർച്ച് ഒൻപതിന് ഡോർട്ട്മുണ്ടിന്റെ തട്ടകത്തിൽ നടക്കും.