
തിരുവനന്തപുരം: ഉദ്യോഗാർത്ഥികളുടെ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് കെഎസ്‌യു നടത്തിയ സമരത്തിലെ ആക്രമണം ആസൂത്രിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചില ദുഷ്‌ട മനസുകളുടെ ഗൂഢാലോചനയാണ് ഇന്നത്തെ അക്രമത്തിന് പിന്നിൽ.
ജോലി നോക്കിയ പൊലീസുകാർക്ക് നേരെയാണ് സമരക്കാർ അഴിഞ്ഞാടിയത്. അവർ എന്തുതെറ്റാണ് ചെയ്‌തതെന്ന് മുഖ്യമന്ത്രി ചോദിച്ചു.
ഇത് അറിയാതെ സംഭവിക്കുന്നതല്ലെന്നും പൊലീസിനെ ആക്രമിക്കുമ്പോൾ സ്വാഭാവികമായും പൊലീസ് പ്രതികരിക്കും അപ്പോൾ കൂടുതൽ പ്രശ്‌നങ്ങളിലേക്കെത്തിക്കാം എന്നാണ് ചിലരുടെ കണക്കുകൂട്ടാൽ. പ്ളാൻ ചെയ്‌തതനുസരിച്ചാണ് പൊലീസുകാർക്ക് നേരെ നടന്ന ആക്രമണം. പക്ഷെ സഹപ്രവർത്തകരെ തല്ലുന്നത് കണ്ടിട്ടും പൊലീസ് സംയമനം പാലിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചിലർക്ക് സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ കൊണ്ട് വിഷമമുണ്ടായി. സർക്കാരിന്റെ വികസനം ജനങ്ങളിൽ എത്തിക്കാതിരിക്കാനുളള ആസൂത്രിത ശ്രമം നടക്കുന്നുവെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണ് കെഎസ്‌യു ആക്രമണത്തിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി ആരോപിച്ചു. റീബിൽഡ് കേരളയുടെ ഭാഗമായി നൂറ് പ്രാദേശിക റോഡുകളുടെ ഉദ്‌ഘാടനം നടത്തവെയാണ് മുഖ്യമന്ത്രി കെഎസ്‌യു പ്രകടനത്തിനെതിരെ ഇങ്ങനെ പറഞ്ഞത്.