myanmar-protest

യാംങ്കോൺ: ജനാധിപത്യം തിരികെ വരാതെ പ്രതിഷേധത്തിൽ നിന്ന് പിന്മാറിലെന്ന നിലപാടിലുറച്ച് പ്രതിഷേധം കൂടുതൽ ശക്തമാക്കി മ്യാൻമർ ജനത. അതേസമയം, പ്രതിഷേധം നേരിടാനായി നഗരങ്ങളിലേക്ക് കൂടുതൽ സൈന്യത്തെ വിന്യസിച്ച് കഴിഞ്ഞു. പ്രതിഷേധക്കാരിൽ ചിലർ സർക്കാർ വെബ്സൈറ്റുകൾ ഹാക്ക് ചെയ്തതായും വിവരമുണ്ട്. സെൻ‌ട്രൽ ബാങ്ക്, സൈന്യത്തിന്റെ പ്രചാരണത്തിനുള്ള പേജ്, റേഡിയോ - ടെലിവിഷൻ ചാനലായ എം.ആർ.ടിവി, പോർട്ട് അതോറിറ്റി, ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസിട്രേഷൻ എന്നിവയുടെ വെബ്സൈറ്റുകളാണ് ഹാക്ക് ചെയ്തത്. അതേസമയം, നിസഹരണ പ്രസ്ഥാനത്തിൽ പങ്കുചേരാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത ആറ് സെലിബ്രിറ്റികൾക്കെതിരെ സൈന്യം അറസ്റ്റ് വാറന്റ് പുറപ്പെടുവിപ്പിച്ചു. ചലച്ചിത്ര സംവിധായകരായ വെയ്ൻ, ലൂ മിൻ, കോ പൗക്ക്, നാ ഗ്യി, നടൻ പ്യായ് ടി ഒ ഗായിക അനാഗ്ഗ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. രണ്ട് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവർക്ക് മേൽ ചുമത്തിയിരിക്കുന്നത്.

യാംങ്കോണിൽ സർവകലാശാലയുടെ സമീപം നടന്ന പ്രതിഷേധത്തിൽ വിദ്യാർത്ഥികളടക്കം പതിനായിരങ്ങളാണ് പങ്കെടുത്തത്. സമാധാനപരമായ പ്രതിഷേധമാണ് രാജ്യത്തുടനീളം നടക്കുന്നത്. എന്നിരുന്നാലും സമരം അടിച്ചമർത്താൻ സജീവമായി സൈന്യം രംഗത്തുണ്ട്. കഴിഞ്ഞ ദിവസം സൈന്യം പ്രതിഷേധക്കാർക്ക് നേരെ റബർ ബുള്ളറ്റുകളും ജല പീരങ്കികളും പ്രയോഗിച്ചിരുന്നു. നിസഹരണ പ്രസ്ഥാനത്തിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സർക്കാർ ഉദ്യോഗസ്ഥരിൽ പലരും ജോലിയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. സൈന്യം അന്യായമായി അറസ്റ്റ് ആംഗ് സാൻ സൂ ചിയടക്കമുള്ള ഭരണാധികാരികളേയും പ്രതിഷേധത്തിന് നേതൃത്വം നൽകിയവരെയും മോചിപ്പിക്കണമെന്ന ആവശ്യമാണ് ജനങ്ങൾ പ്രധാനമായും ഉയർത്തുന്നത്. അതേസമയം, രാജ്യത്തെ ഇന്റർനെറ്റ് സംവിധാനം സൈന്യം റദ്ദാക്കിയെന്നാണ് റിപ്പോർട്ടുകൾ