
ലണ്ടൻ: ഓക്സ്ഫഡ് സർവകലാശാല വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരിയായ രശ്മി സാവന്ത് രാജി വച്ചു. ചുമതലയേറ്റ് ഒരാഴ്ച തികയും മുൻപ് തന്നെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വംശീയവിദ്വേഷം ജനിപ്പിക്കുന്ന വിധത്തിലുള്ള അഭിപ്രായപ്രകടനങ്ങൾ നടത്തിയതിനെ തുടർന്നാണ് രാജി. പ്രസിഡന്റായി ചുമതലയേൽക്കുന്നതിന് ഏറെ നാൾ മുൻപാണ് എം.എസ്‌സി വിദ്യാർത്ഥിനിയായ രശ്മി വിവാദമായ അഭിപ്രായപ്രകടനങ്ങൾ നടത്തിയത്. എന്നാൽ, രശ്മി പ്രസിഡന്റായതിന് ശേഷം ഈ വിവാദം പിന്നെയും ഉയർന്നുവരികയായിരുന്നു. രാജി വച്ച വിവരം യൂണിയൻ പ്രസിദ്ധീകരണമായ ദി ഓക്‌സ്‌ഫഡ് സ്റ്റുഡന്റിൽ പ്രസിദ്ധീകരിച്ച കുറിപ്പിലൂടെയാണ് രശ്മി വിദ്യാർത്ഥികളെ അറിയിച്ചത്.