
പുതുച്ചേരി: തന്നെ 'സർ' എന്ന് അഭിസംബോധന ചെയ്ത വിദ്യാർത്ഥിയെ തിരുത്തിയ രാഹുൽ ഗാന്ധിയെ 'അണ്ണാ' എന്നു വിളിച്ച് വിദ്യാർത്ഥികൾ. ചിരിച്ചുകൊണ്ട് വിളികേട്ട രാഹുലിനെ കൈയടിച്ച് പ്രോത്സാഹിപ്പിച്ച് സദസ്.
പുതുച്ചേരി ഭാരതിദാസൻ സർക്കാർ കോളേജിലെ വിദ്യാർത്ഥി സംവാദ പരിപാടിയിലായിരുന്നു നാടകീയ രംഗങ്ങൾ.
ചോദ്യം ചോദിക്കുന്നതിനിടെ വിദ്യാർത്ഥിനികളിലൊരാൾ രാഹുലിനെ സർ എന്ന് അഭിസംബോധന ചെയ്തു.
'എന്റെ പേര് രാഹുൽ എന്നാണ്. നിങ്ങൾ പ്രിൻസിപ്പലിനേയോ അദ്ധ്യാപകരേയോ സർ എന്നു വിളിച്ചോളൂ. പക്ഷേ, എന്നെ രാഹുൽ എന്ന് വിളിക്കുക' - രാഹുൽ പറഞ്ഞു.
'എന്നാൽ നിങ്ങളെ ഞാൻ രാഹുൽ അണ്ണാ (സഹോദരൻ) എന്ന് വിളിക്കട്ടേ?' വിദ്യാർത്ഥിയുടെ അടുത്ത ചോദ്യം ഇങ്ങനെയായിരുന്നു. 'അത് നല്ലതാണ്, അങ്ങനെ വിളിച്ചോളൂ' എന്ന രാഹുലിന്റെ മറുപടിയും കൈയടികളോടെ സദസ് സ്വീകരിച്ചു.
രാഹുലിന്റെ വീഡിയോ അദ്ദേഹം ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്. ഓട്ടോഗ്രാഫ് വാങ്ങാനെത്തിയ പെൺകുട്ടിയെ ചേർത്തുപിടിച്ച് ഫോട്ടോയെടുക്കുന്ന രാഹുലിന്റെ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കാനാണ് രാഹുൽ പുതുച്ചേരിയിലെത്തിയത്.
രാഹുലിനെ മൊഴിമാറ്റി കബളിപ്പിച്ച് മുഖ്യമന്ത്രി: വിവാദം
മത്സ്യത്തൊഴിലാളിയുടെ പരാതി രാഹുൽ ഗാന്ധിക്ക് തെറ്റായി വിവർത്തനം ചെയ്‌ത സംഭവത്തിൽ പുതുച്ചേരി മുഖ്യമന്ത്രി നാരായണസാമി വിവാദത്തിൽ.
രാഹുൽ പുതുച്ചേരിയിലെ മത്സ്യത്തൊഴിലാളികളുമായി നടത്തിയ സംവാദത്തിനിടയിൽ ഒരു മത്സ്യത്തൊഴിലാളി സ്ത്രീ സർക്കാരിനെതിരെ പരാതി പറഞ്ഞു.
നിവാർ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കഷ്‌ടതകളിൽ തങ്ങളെ സഹായിക്കാൻ ആരുമുണ്ടായില്ലെന്നും മുഖ്യമന്ത്രി പോലും സന്ദർശിച്ചില്ലെന്നുമായിരുന്നു പരാതി.
'നിവാർചുഴലിക്കാറ്റിന്റെ സമയത്ത് ഞാൻ സംഭവസ്ഥലത്ത് സന്ദർശനം നടത്തിയെന്നും അവർക്ക് ആശ്വാസം നൽകിയെന്നുമാണ് സ്ത്രീ പറയുന്നത്.' - എന്നായിരുന്നു നാരായണസാമിയുടെ പരിഭാഷ.
മുഖ്യമന്ത്രിയുടെ നടപടി വൻ വിമർശനങ്ങൾക്ക് വഴിയൊരുക്കി. രാഹുലിനോട് നുണകൾ പറയുന്നതിൽ കോൺഗ്രസ് നേതാക്കൾ മത്സരത്തിലാണെന്നാണ് തോന്നുന്നതെന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് ബി.ജെ.പി നേതാവ് സി.ടി. രവി ട്വീറ്റ് ചെയ്തു.