
മസ്‌കറ്റ്: ഇന്ത്യൻ വംശജനായ ബിസിനസ് പ്രമുഖനും ഖിംജി ഗ്രൂപ്പ് ഒഫ് കമ്പനീസിന്റെ ചെയർമാനുമായ കനക്‌സി ഗോകൽദാസ് ഖിംജി (85) അന്തരിച്ചു.
1936ൽ മസ്‌കറ്റിൽ ജനിച്ച ഖിംജി മുംബയിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1970ൽ 144 വർഷത്തോളം പഴക്കമുള്ള കുടുംബ ബിസിനസിന്റെ നേതൃസ്ഥാനം ഏറ്റെടുത്തു.അഞ്ചു പതിറ്റാണ്ടോളം വ്യവസായ സംരംഭങ്ങളുടെ തലപ്പത്തിരുന്ന അദ്ദേഹത്തിന് സമൂഹത്തിന്റേയും സമ്പദ് വ്യവസ്ഥയുടേയും വളർച്ചയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് ഒമാനി പൗരത്വം നൽകിയിരുന്നു.
ഒമാനിലും ഇന്ത്യയിലും നടത്തിയ സാമൂഹിക പ്രവർത്തനങ്ങൾ കണക്കിലെടുത്ത് ഗൾഫ് മേഖലയിൽ നിന്ന് പ്രവാസി ഭാരതീയ സമ്മാൻ ലഭിച്ച ആദ്യത്തെ വ്യക്തി കൂടിയാണദ്ദേഹം.
1975ൽ മസ്‌കറ്റില്‍ ഒമാനിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം ഇന്ത്യൻ സ്‌കൂൾ സ്ഥാപിക്കുന്നതിൽ കനക്‌സി സുപ്രധാന പങ്കുവഹിച്ചു. കനക്‌സിയോടുള്ള ബഹുമാനാർത്ഥം ഇന്നലെ ഒമാനിലെ എല്ലാ ഇന്ത്യൻ സ്‌കൂളുകളും അടച്ചിരുന്നു.