
പി എസ് സി റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് യുവാക്കൾ നടത്തുന്ന സമരത്തെ കോൺഗ്രസ് കലാപകലുഷിതമാക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. റാങ്ക് ലിസ്റ്റിന്റെ കാലാവധി കുറയ്ക്കുന്നതിനായി പി എസ് സി ചട്ടം വരെ ഭേദഗതി ചെയ്തത് ഉമ്മൻ ചാണ്ടി സർക്കാരാണെന്നും സിഡ്കോ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ പിൻവാതിൽ നിയമനം നടത്തിയതും യുഡിഎഫ് സർക്കാരിന്റെ കാലത്താണെന്നും ശോഭാ സുരേന്ദ്രൻ തന്റെ സോഷ്യൽ മീഡിയാ പേജ് വഴി ആരോപിക്കുന്നു. ഇക്കാര്യത്തിൽ ഇരുമുന്നണികളുടെയും കൈകൾ ശുദ്ധമല്ലെന്നും രണ്ടു മുന്നണികളെയും കേരളം പുറംതള്ളുമെന്നും പറഞ്ഞുകൊണ്ടാണ് ബിജെപി നേതാവ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
കുറിപ്പ് ചുവടെ:
'സിപിഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി മൂന്നു വർഷത്തിൽ നിന്നും ഒരുവർഷം ആക്കിയത് ഉമ്മൻചാണ്ടി സർക്കാരാണ്. അതിനായി പി എസ് സി ചട്ടം വരെ ഭേദഗതി ചെയ്തു ഉമ്മൻചാണ്ടിയും കൂട്ടരും. പരിശീലനം വൈകിയാൽ നോൺ ജോയിനിംഗ് ആനുകൂല്യവും എടുത്തുകളഞ്ഞത് കോൺഗ്രസാണ്. സിഡ്കോ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ പിൻവാതിൽ നിയമനം നടത്തിയതും യുഡിഎഫ് സർക്കാരിന്റെ കാലത്താണ്. എന്നിട്ടിപ്പോൾ, പ്രതീകാത്മക മൃതദേഹം ചുമന്നും, ചുട്ടുപൊള്ളുന്ന വെയിലത്ത് ശയനപ്രദക്ഷിണം നടത്തിയും, മുട്ടിലിഴഞ്ഞും സമാധാനപരമായി കേരളത്തിലെ യുവാക്കൾ നടത്തുന്ന സമരത്തെ കലാപകലുഷിതമാക്കാൻ ശ്രമിക്കുകയാണ് കോൺഗ്രസ്. കഴിഞ്ഞ പത്ത് വർഷത്തെ പിൻവാതിൽ നിയമനങ്ങളിലെ സാമ്പത്തിക അഴിമതി സിബിഐ അന്വേഷിക്കണം. ഇരുമുന്നണികളുടെയും കൈകൾ ശുദ്ധമല്ല. എല്ലാ കാര്യത്തിലും ഒരേ നിലപാടുള്ള ഈ രണ്ടു മുന്നണികളെയും കേരളം പുറംതള്ളും...'