
വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാസിനോ കേന്ദ്രമായിരുന്ന ന്യൂജഴ്സിയിലെ ട്രംപ് പ്ലാസ ഹോട്ടൽ ആൻഡ് കാസിനോ ഇന്നലെ രാവിലെ നിയന്ത്രിത സ്ഫോടനത്തിൽ തകർത്തു. 3,000 ഡൈനമിറ്റ് ബോംബുകൾ ഉപയോഗിച്ച് നടത്തിയ തുടർ സ്ഫോടനങ്ങളിൽ അംബരചുംബിയായി കെട്ടിടം നിമിഷങ്ങൾക്കകം നിലംപതിച്ചു. കെട്ടിടം നിലപതിക്കുന്നത് കാണാൻ നിരവധി പേരാണ് എത്തിയത്.
മനോഹര കടൽതീരവും നടപ്പാതകളുമുള്ള ന്യൂജഴ്സി ചൂതാട്ടത്തിന് അറിയപ്പെട്ട പട്ടണമാണ്. ഇവിടങ്ങളിൽ നിരവധി കെട്ടിടങ്ങൾ ട്രംപിന്റെ പേരിലുണ്ടായിരുന്നു. 2014 മുതൽ ട്രംപ് പ്ലാസ അടഞ്ഞുകിടക്കുകയാണ്. കാസിനോയിൽ ചൂതാട്ടത്തിന് പുറമെ ഹെവിവെയ്റ്റ് ബോക്സിംഗ് മത്സരങ്ങളും നടന്നിരുന്നു.അറ്റ്ലാന്റിക് കടൽത്തീരത്ത് പതിറ്റാണ്ടുകളായി തലയുയർത്തി നിന്ന കെട്ടിടം 2009ൽ പാപ്പർ നടപടിയിൽ ട്രംപിന് നഷ്ടമായിരുന്നു. റിയൽ എസ്റ്റേറ്റ് രംഗത്തെ അറിയപ്പെട്ട സംരംഭകനായ ട്രംപ് 1984ലാണ് ഹോട്ടലും കാസിനോയും നിർമിച്ചത്.
2014 വരെ കെട്ടിടത്തിനു മുകളിൽ ട്രംപിന്റെ പേരുണ്ടായിരുന്നു. പേര് മായ്ച്ചുകളയണമെന്നാവശ്യപ്പെട്ട് 2014ൽ ട്രംപ് കേസ് നൽകിയിരുന്നു. പിന്നീട്, ശതകോടീശ്വരനായ നിക്ഷേപകൻ കാൾ സി. ജീൻ 2016ൽ കെട്ടിടം സ്വന്തമാക്കി. അറ്റകുറ്റപ്പണികൾ മുടങ്ങിയതിനാൽ കെട്ടിട ഭാഗങ്ങൾ അടർന്നുവീഴുന്നത് ഭീഷണിയായിരുന്നു. കഴിഞ്ഞ ജൂണിലാണ് കെട്ടിടം തകർക്കുമെന്ന് അറ്റ്ലാന്റിക് സിറ്റി മേയർ പ്രഖ്യാപനം നടത്തിയത്.