trump-plaza-hotel

വാഷിംഗ്​ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാസിനോ കേന്ദ്രമായിരുന്ന ന്യൂജഴ്സിയിലെ ​ട്രംപ്​ പ്ലാസ ഹോട്ടൽ ആൻഡ്​ കാസിനോ ഇന്നലെ രാവിലെ നിയന്ത്രിത സ്ഫോടനത്തിൽ തകർത്തു. 3,000 ഡൈനമിറ്റ്​ ബോംബുകൾ ഉപയോഗിച്ച്​ നടത്തിയ തുടർ സ്​ഫോടനങ്ങളിൽ​ അംബരചുംബിയായി കെട്ടിടം നിമിഷങ്ങൾക്കകം നിലംപതിച്ചു. കെട്ടിടം നിലപതിക്കുന്നത് കാണാൻ നിരവധി പേരാണ് എത്തിയത്.

മനോഹര കടൽതീരവും നടപ്പാതകളുമുള്ള ന്യൂജഴ്​സി ചൂതാട്ടത്തിന് അറിയപ്പെട്ട പട്ടണമാണ്​. ഇവിടങ്ങളിൽ നിരവധി കെട്ടിടങ്ങൾ ട്രംപിന്റെ പേരിലുണ്ടായിരുന്നു. 2014 മുതൽ ​ട്രംപ്​ പ്ലാസ അടഞ്ഞുകിടക്കുകയാണ്​. കാസിനോയിൽ ചൂതാട്ടത്തിന്​ പുറമെ ഹെവിവെയ്​റ്റ്​ ബോക്​സിംഗ് മത്സരങ്ങളും നടന്നിരുന്നു.അറ്റ്​ലാന്റിക് കടൽത്തീരത്ത്​ പതിറ്റാണ്ടുകളായി തലയുയർത്തി നിന്ന കെട്ടിടം 2009ൽ പാപ്പർ നടപടിയിൽ ട്രംപിന്​ നഷ്​ടമായിരുന്നു. റിയൽ എസ്​റ്റേറ്റ്​ രംഗത്തെ അറിയപ്പെട്ട സംരംഭകനായ ട്രംപ്​ 1984ലാണ്​ ഹോട്ടലും കാസിനോയും നിർമിച്ചത്​.

2014 വരെ കെട്ടിടത്തിനു മുകളിൽ ട്രംപിന്റെ പേരുണ്ടായിരുന്നു. പേര്​ മായ്​ച്ചുകളയണമെന്നാവശ്യപ്പെട്ട്​ 2014ൽ ​ട്രംപ്​ കേസ്​ നൽകിയിരുന്നു. പിന്നീട്, ശതകോടീശ്വരനായ നിക്ഷേപകൻ കാൾ സി. ജീൻ 2016ൽ കെട്ടിടം സ്വന്തമാക്കി. അറ്റകുറ്റപ്പണികൾ മുടങ്ങിയതിനാൽ കെട്ടിട ഭാഗങ്ങൾ അടർന്നുവീഴുന്നത്​ ഭീഷണിയായിരുന്നു. കഴിഞ്ഞ ജൂണിലാണ്​ കെട്ടിടം തകർക്കുമെന്ന്​ അറ്റ്​ലാന്റിക്​ സിറ്റി മേയർ പ്രഖ്യാപനം നടത്തിയത്​.