car

അടൂർ:കോൺഗ്രസ് നേതാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് നിന്ന് ചങ്ങനാശേരിയിലേക്ക് പോവുകയായിരുന്ന മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കാർ അടൂരിൽ അപകടത്തിൽപ്പെട്ടു. കാൽമുട്ടിന് നിസാര പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 2.30ന് എം. സി റോഡിൽ വടക്കടത്തുകാവ് ജംഗ്ഷനിലായിരുന്നു അപകടം.സ്ത്രീ ഒാടിച്ച വാഗൺ ആർ കാറിന്റെ സ്റ്റിയറിംഗ് ലോക്കായി നിയന്ത്രണംവിട്ട് ഉമ്മൻചാണ്ടിയുടെ ഇന്നോവാ കാറിൽ ഇടിക്കുകയായിരുന്നു. രണ്ടു കാറുകളുടെയും മുൻഭാഗത്തിന് കേടുപാട് സംഭവിച്ചു.

പിൻസീറ്റിലായിരുന്ന ഉമ്മൻചാണ്ടിയുടെ വലതുകാൽ മുട്ടിലാണ് ചെറിയ മുറിവ്. ഒാടിക്കൂടിയവർ ആശുപത്രിയിൽ പോകാൻ നിർബന്ധിച്ചെങ്കിലും പരിക്ക് നിസാരമാണെന്ന് പറഞ്ഞ് ഒഴി‌ഞ്ഞുമാറി. അപകടത്തിൽ മറ്രാർക്കും പരിക്കില്ല.

ചെങ്ങന്നൂർ നഗരസഭ വൈസ് ചെയർമാൻ ഗോപു പുത്തൻമഠത്തിലും മുൻ ചെയർമാൻ കെ. ഷിബുരാജനും അതുവഴി വന്നതിനാൽ അവരുടെ വാഹനത്തിൽ യാത്ര തുടർന്നു.ചെങ്ങന്നൂരിലെത്തിയപ്പോൾ കാറിൽവച്ചുതന്നെ മുറിവിൽ മരുന്ന് പുരട്ടി യാത്ര തുടർന്നു. കോൺഗ്രസ് പനച്ചിക്കാട് മുൻ മണ്ഡലം പ്രസിഡന്റ് വട്ടമന മാത്യുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനായിരുന്നു യാത്ര.