
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ വില നൂറ് രൂപ കടന്ന സാഹചര്യത്തിൽ ഇന്ധന ഇറക്കുമതിയെ കൂടുതലായി ആശ്രയിച്ചതിന് മുൻ സർക്കാരുകളെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുൻ സർക്കാരുകൾ ഊർജ്ജ ഇറക്കുമതി കുറച്ച് കൊണ്ടുവരുന്നതിൽ ശ്രദ്ധ ചെലുത്തിയില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. വാർത്താ ഏജൻസിയായ പിടിഎ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഇന്ധന വില വർദ്ധനയെ നേരിട്ട് പരാമർശിക്കാതെയായിരിക്കുന്നു മോദി ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയെപ്പോലെ കഴിവുറ്റതും വൈവിദ്ധ്യമാർന്നതുമായ ഒരു രാജ്യത്തിന് ഊർജ്ജത്തിനായി ഇറക്കുമതിയെ ആശ്രയിക്കാൻ സാധിക്കുമോ എന്നും അദ്ദേഹം ചോദിക്കുന്നു. തിരഞ്ഞെടുപ്പടുത്തിരിക്കുന്ന തമിഴ്‌നാട്ടിൽ എണ്ണ, ഗ്യാസ് ഉത്പാദനവുമായി ബന്ധപ്പെട്ട പദ്ധതികൾ ഒരു ഓൺലൈൻ പരിപാടിയിലൂടെ ഉത്‌ഘാടനം ചെയ്യവേയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
2019-20 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ എണ്ണ ആവശ്യങ്ങളുടെ 85 ശതമാനത്തിനും ഗ്യാസ് ആവശ്യങ്ങളുടെ 53 ശതമാനത്തിനും ഇറക്കുമതിയിലൂടെയാണ് പരിഹാരം കണ്ടതെന്നും അദ്ദേഹം പറയുന്നു. തനിക്ക് ഇക്കാര്യത്തിൽ ആരെയും വിമർശിക്കണമെന്നില്ലെന്നും എന്നാൽ ഇക്കാര്യത്തിന് നാം നേരത്തെ തന്നെ തന്നെ ശ്രദ്ധ നൽകിയിരുന്നുവെങ്കിൽ രാജ്യത്തെ മദ്ധ്യവർഗ്ഗത്തിന് മേൽ ഭാരം വരികയില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
ശുദ്ധമായ ഹരിത ഊർജ്ജ സ്രോതസുകൾക്കായി പരിശ്രമിക്കേണ്ടത് നമ്മുടെ കൂട്ടായ ആവശ്യമാണെന്നും രാജ്യത്തിന്റെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്ന കാര്യത്തിൽ സ്വയം പര്യാപ്തത നേടേണ്ടതുണ്ടെന്നും മോദി പറഞ്ഞു. കേന്ദ്ര സർക്കാർ മദ്ധ്യവർഗ്ഗത്തിന്റെ ആശങ്കകളോട് അനുഭാവമുണ്ടെന്നും അതിനാലാണ് കർഷകരെയും ഉപഭോക്താക്കളെയും സഹായിക്കുന്നതിനായി ഇന്ത്യ എഥനോൾ ഉത്പാദനത്തിൽ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പ്രധാനമന്ത്രി പറയുന്നു.