
ഹ്യുണ്ടായ് ഇന്ത്യയ്ക്ക് 25-ാം പിറന്നാൾ
കൊച്ചി: പ്രമുഖ ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായ് ഇന്ത്യയിലെത്തിയിട്ട് 25 വർഷം. ഇന്ത്യയുടെ ആദ്യ സ്മാർട്ട് മൊബിലിറ്റി സൊല്യൂഷൻസ് പ്രൊവൈഡർ, ഏറ്റവും വലിയ വാഹന കയറ്റുമതിക്കാർ എന്നിങ്ങനെ നാഴികക്കല്ലുകൾ നിരവധിതാണ്ടിയ ഹ്യുണ്ടായ്, ഇതിനകം സ്വന്തമാക്കിയത് 90 ലക്ഷത്തിലേറെ ഉപഭോക്താക്കളെ. 400 കോടി ഡോളറിന്റെ നിക്ഷേപവും ഇന്ത്യയിൽ നടത്തി.
1,154 വില്പനശാലകളും 1,298 സർവീസ് സെന്ററുകളും ഇന്ത്യയിൽ ഹ്യുണ്ടായ്ക്കുണ്ട്. 2020ൽ 1.80 ലക്ഷത്തിലേറെ എസ്.യു.വികൾ വിറ്റഴിച്ച് ഈ വിഭാഗത്തിൽ പ്രമുഖ സ്ഥാനവും നേടി. 88 രാജ്യങ്ങളിലേക്കാണ് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ കയറ്റുമതി നടത്തുന്നത്. തമിഴ്നാട്ടിലെ ശ്രീപെരുംപുതൂരിൽ പ്ളാന്റ് പ്രവർത്തിക്കുന്നു. 17 ശതമാനം വിഹിതവുമായി ഇന്ത്യയിലെ രണ്ടാമത്തെ വലിയ പാസഞ്ചർ വാഹന നിർമ്മാണ കമ്പനിയുമാണ് ഹ്യുണ്ടായ്.
അടുത്ത നാലുവർഷത്തിനകം ഇന്ത്യയിൽ 3,200 കോടി രൂപയുടെ നിക്ഷേപം ഹ്യുണ്ടായ് പദ്ധതിയിടുന്നുണ്ട്. വാഹനശ്രേണികളുടെ വികസനം, ഇലക്‌ട്രിക് ഉൾപ്പെടെ പുതിയ കാറുകളുടെ അവതരണം തുടങ്ങിയവ ഇതിലുൾപ്പെടുന്നു. ഇന്ത്യയിൽ തന്നെ നിർമ്മിച്ചതും സാധാരണക്കാർക്കും പ്രാപ്യവുമായ ഇലക്‌ട്രിക് കാറുകൾ അവതരിപ്പിക്കാൻ ഹ്യുണ്ടായ് പ്രാധാന്യം നൽകും. ഈ രംഗത്ത് മാത്രം ഹ്യുണ്ടായ് നിക്ഷേപിക്കുക ആയിരം കോടിയോളം രൂപയാണ്.
ഹ്യുണ്ടായിയുടെ കോന ഇ-എസ്.യു.വി ഇപ്പോൾ ഇന്ത്യൻ വിപണിയിലുണ്ട്. ഉപഭോക്തൃമനം കവർന്ന കോനയ്ക്ക് വില 24 ലക്ഷം രൂപയാണ് (എക്‌സ്‌ഷോറൂം). ഇന്ത്യയിലെ ആദ്യ സമ്പൂർണ ഇലക്‌ട്രിക് എസ്.യു.വിയാണ് കോന.