
പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസിൽ സി.ബി.ഐ തെളിവെടുപ്പ് തുടങ്ങി. ഒന്നാം പ്രതിയായ ഉടമ എം.ഡി തോമസ് ഡാനിയേൽ, മകളും സി.ഇ.ഒ.യുമായ റീനു മറിയം എന്നിവരുമായി വകയാറിലെ പോപ്പുലർ ആസ്ഥാനത്ത് എത്തിയാണ് പത്തംഗ സി.ബി.ഐ സംഘം തെളിവെടുത്തത്. രാവിലെ 10ന് ആരംഭിച്ച തെളിവെടുപ്പ് വൈകിട്ട് നാല് വരെ നീണ്ടു.
ആദ്യം കേസന്വേഷിച്ച പൊലിസിൽ നിന്ന് ലഭിച്ച തെളിവുകൾ പരിശോധിച്ചു. സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പ്രതികളോട് വിശദവിവരങ്ങൾ തേടി. സ്ഥാപനത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ ഇലക്ട്രോണിക് ഡേറ്റ പരിശോധിച്ചില്ല.
വിവിധ ശാഖകളിലെ മാനേജർമാരെയും ചില ജീവനക്കാരെയും വിളിച്ചു വരുത്തി മൊഴിയെടുത്തു. പ്രതികളുടെ ഏതെല്ലാം സ്ഥാപനങ്ങളിലേക്കാണ് പണം വകമാറ്റി വിനിയോഗിച്ചതെന്ന് ചോദിച്ചറിഞ്ഞു.നിരവധി നിക്ഷേപകരും സ്ഥലത്ത് എത്തിയിരുന്നു. കൊച്ചി സി.ബി.ഐ യൂണിറ്റിലെ ഡിവൈ.എസ്.പി സുരേഷ് കുമാറിന്റെ സംഘമാണ് അന്വേഷണം നടത്തുന്നത്. വരും ദിവസങ്ങളിൽ തെളിവെടുപ്പ് തുടരുമെന്നാണ് അറിയുന്നത്.