ipl-chris-morris

ദക്ഷിണാഫ്രിക്കൻ ആൾറൗണ്ടർ ക്രിസ് മോറിസിന് ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലേലത്തുക

ചെന്നൈ : 14-സീസൺ ഐ.പി.എല്ലിനായുള്ള താരലേലത്തിൽ ചരിത്രം തിരുത്തിയെഴുതി ദക്ഷിണാഫ്രിക്കൻ ആൾറൗണ്ടർ ക്രിസ് മോറിസ്. ഇതുവരെയുള്ള താരലേലങ്ങളിലെ ഏറ്റവും ഉയർന്ന തുകയായ16.25 കോടി രൂപയ്ക്ക് മോറിസിനെ രാജസ്ഥാന്‍ റോയൽസാണ് സ്വന്തമാക്കിയത്. മുൻ ഇന്ത്യൻ താരം യുവരാജ് സിംഗിനായി 2015ൽ 16 കോടി മുടക്കിയ ഡൽഹി ഡെയർഡെവിൾസിന്റെ റെക്കാഡാണ് ഇന്നലെ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് തകർത്തത്.

പഞ്ചാബ് കിംഗ്സുമായുള്ള വാശിയേറിയ ലേലത്തിനൊടുവിലാണ് രാജസ്ഥാൻ മോറിസിനെ സ്വന്തമാക്കിയത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഇത്തവണ റിലീസ് ചെയ്ത താരമാണ് മോറിസ്. 15 കോടി രൂപയ്ക്ക് ബാംഗ്ലൂർ സ്വന്തമാക്കിയ കിവീസ് പേസർ കൈൽ ജാമിസണിനാണ് ഉയർന്ന രണ്ടാമത്തെ തുക നേടിയത്. 14.25 കോടിക്ക് ബാംഗ്ലൂർ തന്നെ സ്വന്തമാക്കിയ ഓസീസ് താരം ഗ്ലെൻ മാക്സ്‌വെൽ മൂന്നാമതും 14 കോടിക്ക് പഞ്ചാബ് കിംഗ്സ് ടീമിലെത്തിച്ച ഓസീസ് താരം ജൈ റിച്ചാർഡ്സൻ നാലാമതുമുണ്ട്.

9.25 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയ കൃഷ്ണപ്പ ഗൗതമാണ് ഇന്ത്യൻ താരങ്ങളിൽ ഒന്നാമൻ. ദേശീയ ജഴ്സിയണിയാത്ത താരങ്ങളിൽ ഉയർന്ന വില ലഭിച്ചതും ഗൗതമിനാണ്.

20 ലക്ഷം രൂപ അടിസ്ഥാന വിലയുമായെത്തി എട്ടു കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സിലെത്തിയ ആസ്ട്രേലിയൻ താരം റിലീ മെറിഡിത്ത് താരലേലത്തിലെ വിസ്മയമായി .

ഇംഗ്ളീഷ് സ്പിന്നർ മൊയീൻ അലിയെ ഏഴു കോടി രൂപയ്ക്ക് ചെന്നൈയും ടോം കറാനെ 5.25 കോടി രൂപയ്ക്ക് ഡൽഹിയും നഥാൻ കൗട്ടർനീലിനെ 5 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസും ടീമിലെത്തിച്ചു.

20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന തമിഴ്നാട്ടിൽനിന്നുള്ള യുവതാരം ഷാരൂഖ് ഖാൻ 5.25 കോടി രൂപ നേടി പഞ്ചാബ് കിംഗ്സിലെത്തി. ശിവം ദുബെയെ 4.4 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസും സ്വന്തമാക്കി.

മലയാളി താരങ്ങളിൽ സച്ചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരെ അടിസ്ഥാന വിലയായ 20 ലക്ഷത്തിന് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും വിഷ്ണു വിനോദിനെ ഇതേ തുകയ്ക്ക് ഡൽഹി ക്യാപിറ്റൽസും സ്വന്തമാക്കി. , എസ്. മിഥുനെ ലേലത്തിൽ വാങ്ങാൻ ആരുമുണ്ടായില്ല.

കേരളത്തിന് വേണ്ടി രഞ്ജി ട്രോഫി കളിക്കുന്ന മദ്ധ്യപ്രദേശ് താരം ജലജ് സക്സേനയെ 30 ലക്ഷത്തിന് പഞ്ചാബ് കിംഗ്സ് ഇലവൻ സ്വന്തമാക്കി.

ആദ്യ ഘട്ടത്തിൽ ആരും എടുക്കാതിരുന്ന ഹർഭജൻ സിംഗിനെ രണ്ടാം ഘട്ടത്തിൽ രണ്ടുകോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് സ്വന്തമാക്കി.

കേദാർ യാദവിനെ രണ്ട് കോടിയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി.

മറുനാടൻ മലയാളി താരം കരുൺ നായരെയാണ് ആദ്യം ലേലത്തിന് വച്ചത്. കരുണിനെ ആരും വാങ്ങിയില്ല. രണ്ടാം ഘട്ടത്തിൽ 50 ലക്ഷത്തിന് കരുണിനെ കൊൽക്കത്ത സ്വന്തമാക്കി.

സച്ചിന്റെ മകൻ അർജുൻ ടെൻഡുൽക്കറെയാണ് അവസാനം ലേലത്തിൽ വച്ചത്. അടിസ്ഥാന വിലയായ 20 ലക്ഷത്തിന് മുംബയ് ഇന്ത്യൻസാണ് അർജുനെ വാങ്ങിയത്.

കയ്യടി നേടി പുജാര

ടെസ്റ്റ് സ്പെഷ്യലിസ്റ്റായ ചേതേശ്വർ പുജാരയെ 50 ലക്ഷത്തിന് ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമായപ്പോൾ മറ്റ് ടീമുകളുടെ പ്രതിനിധികളുടെ കൈയടി ശ്രദ്ധേയമായി. ആറ് സീസണുകളുടെ ഇടവേളയ്ക്ക് ശേഷമാണ് പുജാര ഐ.പി.എല്ലിലേക്ക് എത്തുന്നത്.

164 ഇന്ത്യൻ താരങ്ങൾ ഉൾപ്പെടെ 292 പേരാണു മിനി ലേലത്തിൽ പങ്കെടുത്തത്. താരലേലത്തിനു മുന്നോടിയായി എട്ടു ടീമുകളും ചേർന്ന് 139 താരങ്ങളെയാണ് നിലനിർത്തിയത്. 57 താരങ്ങളെ റിലീസ് ചെയ്തു.