
ലക്‌നൗ: ഉത്തർപ്രദേശിലെ ഉന്നാവോയിലെ ദളിത് പെൺകുട്ടികളുടെ മരണകാരണം വിഷം ഉള്ളിൽ ചെന്നെന്ന് അന്വേഷണസംഘം. പരിശോധനയിൽ പെൺകുട്ടികളുടെ ശരീരത്തിൽ വിഷത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഏതു തരത്തിലുള്ള വിഷമാണ് പെൺകുട്ടിയുടെ ശരീരത്തിലെത്തിയതെന്ന കാര്യം വ്യക്തമല്ല. വിശദ പരിശോധനക്കായി സാമ്പിളുകൾ ലാബിലേക്ക് അയച്ചിരിക്കുകയാണെന്നും അന്വേഷണ സംഘം പറഞ്ഞു. സംഭവത്തിൽ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു.
ബുധനാഴ്ച കന്നുകാലികൾക്ക് പുല്ലു പറിക്കാൻ പോയ മൂന്നു പെൺകുട്ടികളിൽ രണ്ടുപേരെ ഗോതമ്പ് പാടത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൂന്നാമെതാരു പെൺകുട്ടിയെ ബോധരഹിതയായ നിലയിലും കണ്ടെത്തി. എല്ലാവരും കൈയും കാലും കെട്ടിയിട്ട നിലയിലായിരുന്നു. മൂന്നുപേരുടെയും വായിൽനിന്ന് നുരയും പതയും വന്നിരുന്നു.
അതേസമയം പെൺകുട്ടികൾ ആക്രമിക്കപ്പെട്ടെന്ന് സംശയിക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു.