e-shreedharan

തിരുവനന്തപുരം:ബിജെപി മറ്റ് പാർട്ടികളെപ്പോലെയല്ലെന്നും കേരളത്തിൽ എന്തെങ്കിലും മാറ്റം കൊണ്ടുവരാൻ ബിജെപിക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്നും 'മെട്രോമാൻ' ഇ ശ്രീധരൻ. കേരളവുമായി ബന്ധപ്പെട്ട് തനിക്ക് നിരവധി പദ്ധതികളുണ്ടെന്നും എന്നാൽ അതെല്ലാം ഇപ്പോൾ തന്നെ ബിജെപിയുടെ പ്രകടനപത്രികയിൽ ഇടം നേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു കാര്യവും ഒറ്റയ്ക്ക് ചെയ്യാൻ കഴിയില്ല. ആദ്യം താൻ പാർട്ടി അംഗത്വമെടുക്കും. തന്റെ പ്രവർത്തനങ്ങളെ കുറിച്ച് അവരാണ് തീരുമാനമെടുക്കുക. എന്നാൽ അക്കാര്യം സംബന്ധിച്ച് ചർച്ചകൾ നടന്നിട്ടില്ല. 'മെട്രോമാൻ' പറയുന്നു.

കേരളത്തിൽ വികസനം കൊണ്ടുവരാൻ താൻ 'പരമാവധി' ശ്രമിച്ചിരുന്നുവെങ്കിലും രാഷ്ട്രീയ എതിർപ്പുകൾ കാരണം അത് സാധിച്ചില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. താൻ 10 വർഷങ്ങളായി കേരളത്തിൽ ജീവിക്കുകയാണ്, രാഷ്ട്രീയപരമായി വളരാനാണ് എൽഡിഎഫും യുഡിഎഫും ശ്രമിക്കുന്നത്. സംസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അവർ ശ്രദ്ധ നൽകുന്നില്ല. അവരെക്കൊണ്ട് ഒന്നും സാധിക്കുന്നില്ല. ഈ സാഹചര്യത്തിൽ ബിജെപിക്ക്എം മാത്രമേ എന്തെങ്കിലും ചെയ്യാൻ സാധിക്കൂ. ഇ ശ്രീധരൻ പറഞ്ഞു.

കേന്ദ്ര സർക്കാരുമായി ഇരുമുന്നണികളും നിരന്തരം ഏറ്റുമുട്ടലിലാണെന്നും അത് മൂലമാണ് ഇവിടെ കാര്യമായിട്ടൊന്നും സംഭവിക്കാത്തതെന്നും ഇ ശ്രീധരൻ പറഞ്ഞു. കേന്ദ്ര സർക്കാരുമായി യോജിച്ച് പോകാൻ ബിജെപിക്കാണ് സാധിക്കുക. താൻ വരുന്നതോടെ ബിജെപിയുടെ ഇമേജ് തന്നെ മാറും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം പുകഴ്ത്തുകയും ചെയ്തു. ഇന്ത്യയ്ക്കുണ്ടായതിൽ വച്ച് ഏറ്റവും മികച്ച പ്രധാനമന്ത്രിമാരിൽ ഒരാളാണ് മോദിയെന്നും അദ്ദേഹവുമായി ഏറെയടുത്ത് പ്രവർത്തിക്കാൻ തനിക്ക് സാധിച്ചുവെന്നും ഇ ശ്രീധരൻ പറഞ്ഞു.

ഉത്തരവാദിത്തബോധമുള്ളയാൾ, സത്യസന്ധൻ എന്നിങ്ങനെ അറിയപ്പെടുന്ന തനിക്ക് കേരളത്തിൽ മികച്ച പ്രതിച്ഛായയാണ് ഉള്ളതെന്നും അങ്ങനെ നല്ല പേരുള്ള ഒരാൾ ബിജെപിയിൽ ചേരുകയാണെങ്കിൽ വളരെയധികം ആളുകൾ തന്നെ സഹായിക്കുന്നതിനായി വരുമെന്നും അദ്ദേഹം പറയുന്നു. താൻ വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ജനപിന്തുണ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയിൽ ചേരുമെന്ന വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിൽ വിവിധ മാദ്ധ്യമങ്ങളോടായി നടത്തിയ പ്രതികരണത്തിലാണ് ഇ ശ്രീധരൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

താൻ വരുന്നതോടെ പാർട്ടിയുടെ ഇമേജ് തന്നെ പൂർണമായും മാറുമെന്നും നിഷ്പക്ഷനായി നിൽക്കുന്നത് കൊണ്ട് ഒന്നും സാധിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. ഇ ശ്രീധരന്റെ കടന്നുവരവ് ബിജെപി ക്യാമ്പിൽ ഏറെ ആവേശമുണ്ടാക്കിയിട്ടുണ്ട്. എറണാകുളത്തോ തൃശൂരോ ആണ് പാർട്ടി അദ്ദേഹത്തെ മത്സരിപ്പിക്കുക എന്ന് സൂചനകളുണ്ട്. ഇ ശ്രീധരന്റെ പൊതുസ്വീകാര്യത നഗര മണ്ഡലങ്ങളിൽ വോട്ടാകുമെന്നും ബിജെപി അനുമാനിക്കുന്നുണ്ട്. ഇ ശ്രീധരൻ ബി ജെ പിയിൽ ചേരുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് അറിയിച്ചത്.