nelson-joseph

അറബിക് ഹോട്ടൽ ഭാഷയിൽ പേര് നൽകിയ ഹോട്ടലിനെ വിമർശിച്ചുകൊണ്ട് വിദ്വേഷ പ്രചാരണം നടത്താൻ ശ്രമിച്ചയാൾക്ക് ചുട്ട മറുപടിയുമായി ഇൻഫോ-ക്ലിനിക് സഹസ്ഥാപകരിൽ ഒരാളും ഡോക്ടറുമായ നെൽസൺ ജോസഫ്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇത്തരം മനോഭാവം വച്ചുപുലർത്തുന്നവരെ പരിഹസിച്ചുകൊണ്ട് ഡോക്ടർ രംഗത്തുവന്നത്. നമ്മൾ തനതെന്നും മലയാളിയുടേതെന്നും പറയുന്ന ഭക്ഷണസാധനങ്ങളിൽ എത്രയെന്നും പുറത്ത് നിന്നും വന്നതാണെന്ന് ചിന്തിക്കേണ്ടതുണ്ടെന്നും ഡോക്ടർ ഓർമിപ്പിക്കുന്നു. ഭക്ഷണത്തിൽ വൈവിദ്ധ്യം ഇഷ്ടപ്പെടുന്നവരുണ്ടാകുമെന്നും അത് ഇഷ്ടമില്ലാത്തവർ വ്യത്യസ്തമായ ഭക്ഷണം വേണ്ടെന്ന് വച്ചാൽ മാത്രം മതിയെന്നും പറഞ്ഞുകൊണ്ടാണ് നെൽസൺ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

കുറിപ്പ് ചുവടെ:

'പെരുമ്പാവൂരു പോവുന്ന സമയത്ത്‌ ഇടയ്ക്ക്‌ ഒരു മന്തി ഹോട്ടൽ ഉണ്ട്‌.
മന്തി എനിക്ക്‌ ഇഷ്ടപ്പെട്ട ഒരു ഫുഡ്‌ ആണ്. ഒന്നാമതെ ബിരിയാണിയുടെ അത്ര സ്പൈസി ആയിരിക്കില്ല. പിന്നെ റൈസും ആവശ്യത്തിൽ കൂടുതൽ കാണും മിക്കപ്പൊഴും.
ഒറ്റ കുഴപ്പമേയുള്ളൂ. എല്ലായിടത്തും ഉണ്ടാക്കുന്നത്‌ ഒരുപോലെ ഒക്കണമെന്നില്ല. പെരുമ്പാവൂരേത്‌ പക്ഷേ നല്ല അടിപൊളിയായിട്ടാണു തോന്നിയത്‌.
ഇപ്പൊ ഇത്‌ ഓർക്കാൻ കാര്യം കാലത്തെ എഴുന്നേറ്റപ്പൊ കണ്ട ഒരു സ്ക്രീൻഷോട്ട്‌ തന്നെ.
ഒരിടത്ത്‌ അറബിക്‌ പേരുള്ള ഒരു ഹോട്ടൽ തുടങ്ങുന്നു. അത്‌ കണ്ടിട്ട്‌ ഒരു ചേട്ടനു സഹിക്കുന്നില്ല. സാംസ്കാരിക അധിനിവേശമാണത്രേ.
എന്തോന്ന് സംസ്കാരമാണാശാനേ?
ഇപ്പൊ മലയാളത്തനിമയെന്നും മലയാളിയുടെ തനതായ ഭക്ഷണമെന്നുമൊക്കെപ്പറഞ്ഞ് വെട്ടിവിഴുങ്ങിക്കൊണ്ടിരിക്കുന്ന ഭക്ഷണങ്ങളിൽ എത്രയെണ്ണം കഴിഞ്ഞ തലമുറകൾ കണ്ടിട്ടുണ്ടാവുമെന്നാണ്?
നിത്യേന ഉപയോഗിക്കുന്ന വാക്കുകളിൽ എത്രയെണ്ണം മറ്റ് ഭാഷകളിൽ നിന്ന് ഇവിടേക്ക് കയറിവന്നിട്ടുള്ളതാണ്? അതുപോലെ എത്രയെണ്ണം മറ്റ് ഭാഷകളിലേക്ക് പോയിട്ടുണ്ടാവും?
അങ്ങനെ പലയിടത്തുനിന്നും വാങ്ങിയും തിരികെ കൊടുത്തും പറഞ്ഞും കഴിച്ചുമൊക്കെയാണ് ഇന്നീ കാണുന്ന പലതും ഇവിടെ ഉണ്ടായത്. ഒന്നൂടെ തെളിച്ച് പറഞ്ഞാൽ നാലു നേരം വച്ച് ഉണ്ടാക്കി കഴിക്കാനുള്ള വകയുണ്ടായത്.
അയർലണ്ട്, യു.കെ, ഗൾഫ് രാജ്യങ്ങൾ...
ചെന്ന് കയറിയ രാജ്യങ്ങളിൽ നിന്നൊക്കെ സാംസ്കാരിക അധിനിവേശമെന്ന് പറഞ്ഞ് ചവിട്ടിപ്പുറത്താക്കിയിരുന്നെങ്കിൽ, ആട്ടിയോടിച്ചിരുന്നെങ്കിൽ ഇന്ന് കാണുന്ന സൗകര്യങ്ങളിൽ എത്രയെണ്ണം ഇവിടെക്കാണുമായിരുന്നു?
ഭക്ഷണത്തിൽ വൈവിധ്യം ഇഷ്ടപ്പെടുന്നവരുണ്ടാവും.
നിങ്ങൾക്ക് ഇഷ്ടമില്ലെങ്കിൽ കഴിക്കേണ്ട. ഹോട്ടലിൽ കയറുകയും വേണ്ട.
പക്ഷേ അതുപയോഗിച്ച് വിദ്വേഷപ്രചരണം നടത്താൻ ഒരാൾക്കും അനുവാദമില്ല, അവകാശമില്ല.
That's it.'