
കോഴിക്കോട്: ന്യൂനപക്ഷ വർഗീയത അപകടമാണെന്ന് പറയുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി വിജയരാഘവൻ പാവപ്പെട്ട ഹിന്ദുക്കളെ വഞ്ചിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കോഴിയുടെ സുരക്ഷ കുറുക്കന്റെ കൈയ്യിലുള്ളത് പോലെയാണ് എസ്ഡിപിഐയുമായി സഖ്യം ചെയ്തുകൊണ്ട് ന്യൂനപക്ഷ വർഗീയത അപകടകരമാണെന്ന് പറയുന്നത്. കാപട്യം നിറഞ്ഞതാണ് വിജയരാഘവന്റെ ഹിന്ദു പ്രേമമെന്നും കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
വിജയരാഘവന് രണ്ട് മാസമായി ഹിന്ദുക്കളോട് വലിയ പ്രേമമാണ്. ശബരിമലയിൽ ഹിന്ദുക്കളെ വേട്ടയാടിയ പിണറായി സർക്കാർ നടപടി തെറ്റാണെന്ന് പരസ്യമായി പറയാൻ വിജയരാഘവൻ തയ്യാറാകുമോ? ശബരിമല പ്രക്ഷോഭത്തിന്റെ പേരിൽ പിണറായി പൊലീസ് എടുത്ത 25,000ൽ അധികം വരുന്ന കേസ് പിൻവലിക്കാൻ തയ്യാറാകുമോ? സുരേന്ദ്രൻ ആരാഞ്ഞു.
മനീതി സംഘത്തെയും അവിശ്വാസികളേയും അരാജകവാദികളേയും ശബരിമലയിൽ പൊലീസിനെ ഉപയോഗിച്ച് കയറ്റിയത് തെറ്റായിപ്പോയെന്ന് പറയാൻ തയ്യാറാകുമോ? തദ്ദേശ തിരഞ്ഞെടുപ്പിലെ എസ്.ഡി.പി.ഐ സഖ്യം തെറ്റാണെന്ന് സമ്മതിക്കാൻ സി.പി.എം തയ്യാറാകുമോയെന്നും സുരേന്ദ്രൻ ചോദിച്ചു.
ഭൂരിപക്ഷ സമുദായം എന്നൊരു വിഭാഗം ഈ നാട്ടിലുണ്ടെന്ന് ഇതുവരെ സിപിഎമ്മിന് തോന്നിയിട്ടില്ല. ക്ഷേത്രങ്ങളുടെ മാത്രം പതിനായിരക്കണക്കിന് ഭൂമി എറ്റെടുത്ത് സർക്കാരിൽ നിക്ഷിപ്തമാക്കിയത് തെറ്റാണെന്ന് സമ്മതിക്കാൻ അവർ ഇപ്പോഴും തയ്യാറായിട്ടില്ല. വർഗീയ ശക്തികളുമായുള്ള ബന്ധം വിച്ഛേദിക്കാനും അവർ ഒരുക്കമല്ല. പാലോളി കമ്മിറ്റി രൂപീകരിച്ച് മുസ്ലിങ്ങൾക്ക് മാത്രമായി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച സർക്കാർ നടപടി തെറ്റായിപ്പോയത് പറയാൻ തയ്യാറാകുമോയെന്നും സുരേന്ദ്രൻ ചോദിച്ചു.
പലയിടത്തും മുസ്ലീം ലീഗുമായി വരെ സി.പി.എം അവിശുദ്ധ സഖ്യമുണ്ടാക്കിയിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ ന്യൂനപക്ഷ തീവ്രവാദ വിരുദ്ധ പ്രചാരണത്തിന് പ്രസക്തിയില്ല. എന്നാൽ വർഗീയ ശക്തികളുടെ സമ്മർദ്ധത്തിൻ്റെ ഫലമായി പറഞ്ഞ കാര്യം വിഴുങ്ങുകയാണ് വിജയരാഘവൻ ചെയ്തത്. വിജയരാഘവന്റെ മുതലക്കണ്ണീര് കൊണ്ടൊന്നും ഈ നാട്ടിലെ ഭൂരിപക്ഷ സമുദായം വീഴുമെന്ന് കരുതുന്നുവെങ്കിൽ തിരഞ്ഞെടുപ്പിന് ശേഷം മനസിലാകുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
അതേസമയം, ലോകത്തിന് മുമ്പിൽ കേരളത്തിന്റെ യശസ്സുയർത്തിയ മെട്രോമാൻ ഇ.ശ്രീധരൻ ബി.ജെ.പിയിൽ ചേരുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. വിജയ യാത്രയോടനുബന്ധിച്ച ചടങ്ങിൽ ശ്രീധരൻ ഔദ്യോഗികമായി പാർട്ടിയിൽ ചേരും. രണ്ട് മുന്നണികളിലെയും കണ്ണിലെ കരടായിരുന്നു ഇ ശ്രീധരൻ. എല്ലാ വികസന പ്രവർത്തനങ്ങളെയും തുരങ്കം വെക്കുന്ന നിലപാടാണ് ഇരു മുന്നണികൾക്കുമെന്നും സുരേന്ദ്രൻ പറയുന്നു.
അതിനെതിരെ ശ്രീധരൻ നിലപാട് എടുത്തപ്പോൾ ഉമ്മൻ ചാണ്ടി ശ്രീധരനെ ദ്രോഹിക്കാൻ ശ്രമിച്ചു. പിണറായി വിജയനും സമാനമായ നിലപാടായിരുന്നു. ബി.ജെ.പിക്കനുകൂലമായി കേരള രാഷ്ട്രീയം മാറുന്നതിന്റെ പ്രതിഫലനമാണ് പ്രമുഖരായ നിരവധി പേർ ബി.ജെ.പിയിൽ ചേരുന്നത്. ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ പേർ ബി.ജെ.പിയിൽ ചേരും. ഇത്തരം പ്രമുഖർ എൻ.ഡി.എക്കു വേണ്ടി മത്സര രംഗത്തുണ്ടാവും അദ്ദേഹം പറഞ്ഞു.