
ജോർജുക്കുട്ടി ആരെന്ന് മനസിലാക്കാൻ കഴിഞ്ഞിട്ടില്ല എന്ന് മോഹൻലാൽ ഈയിടെ ഒരു സംവാദത്തിൽ പറഞ്ഞത് വെറുവാക്കല്ല-ദൃശ്യം 2ന്റെ അവസാന സീൻ കണ്ട് കഴിയുന്ന എതൊരാൾക്കും ഇത് തന്നെയാകും തോന്നുക. ഇത്തവണയും അയാൾ സിനിമ കണ്ടു കൊണ്ടിരുന്ന പ്രേക്ഷകന്റെയും കഥയിൽ കേസന്വേഷിക്കുന്ന പൊലീസുകാർക്കും ഒരു മുഴം മുന്നിൽ തന്നെയായിരുന്നു. പൂർണതയുള്ള ഒരു സിനിമയാണ് ദൃശ്യമെങ്കിൽ, അതിന്റെ തികവുറ്റ രണ്ടാം ഭാഗമാണ് ദൃശ്യം 2.
നിറുത്തിയിടത്ത് നിന്ന് തുടങ്ങി
സകലരെയും ഞെട്ടിച്ച ആദ്യ സിനിമയുടെ ക്ലൈമാക്സിൽ നിന്നാണ് ദൃശ്യം 2ന്റെ ആരംഭം. സാക്ഷികളില്ലാതെയാണ് താൻ വരുണിന്റെ മൃതശരീരം മറവ് ചെയ്‌തെന്ന് ജോർജുക്കുട്ടിയുടെ അടിയുറച്ച വിശ്വാസം അസ്ഥാനത്താണെന്ന് കാണിച്ചാണ് സിനിമ തുടങ്ങുന്നത്. അന്ന് തന്നെ മറ്റൊരു കൊലപാതകം ആ നാട്ടിൽ നടക്കുകയും അതിലെ പ്രതി പൊലീസിൽ നിന്ന് ഓടിയൊളിക്കാനുള്ള ശ്രമത്തിനിടയിൽ ജോർജുക്കുട്ടി രാജാക്കാട് പൊലീസ് സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങുന്നതിന് സാക്ഷിയാകുകയും ചെയ്യുന്നു. എന്നാൽ ജോർജുക്കുട്ടി എന്തിനവിടെ പോയെന്ന് അയാൾക്ക് വ്യക്തമല്ല. ആ രാത്രി തന്നെ അയാൾ പൊലീസ് പിടിയിലാകുന്നു. ആറ് വര്ഷങ്ങള്ക്കു ശേഷം ജോർജുക്കുട്ടിയുടെ ജീവിതത്തിലേക്ക് കാമറക്കണ്ണുകൾ തിരിയുന്നു.

വർഷങ്ങൾക്കിപ്പുറം നായകന്റെ രൂപത്തിൽ ചെറിയ മാറ്റം വന്നിട്ടുണ്ട്. മക്കളൊക്കെ വലുതായി. മറ്റൊന്നിനും കാര്യമായ മാറ്റമുണ്ടായിട്ടില്ല. കുടുംബസ്നേഹിയായ ജോർജുകുട്ടിയും മക്കളുടെ ഭാവികാര്യം ഓർത്ത് ആധി കൊള്ളുന്ന റാണിയും സുപരിചിതമായ കാഴ്ചയാണല്ലോ. കേബിൾ ടീവി ബിസിനെസ്സുകാരനിൽ നിന്ന് ജോർജുക്കുട്ടി വളർന്നിരിക്കുന്നു. തന്റെ സിനിമ പ്രേമം അയാളെ ഒരു തിയേറ്റർ ഉടമയാക്കി. ചിരകാല സ്വപ്നമായ ഒരു സിനിമയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് അയാളിപ്പോ. മാനസികമായും ശാരീരികമായും വിഷമിച്ച ഭൂതകാലം അയാളെ ഇടക്കിടക്ക് വേട്ടയാടുന്നുണ്ടെങ്കിലും പൊലീസിന് അവരെ ക്രൂശിക്കാൻ ഒരു തുമ്പും ഇന്നേവരെ തരപ്പെടുത്താനായിട്ടില്ല. ഇടയ്ക്കിടയ്ക്ക് പതറി പോകുന്ന റാണിയോട് ഒരിക്കലും പിടിക്കപ്പെടില്ല എന്ന് ആത്മവിശ്വാസത്തോടെ അയാൾ പറയുന്നുണ്ട്. എന്നാൽ ഉപേക്ഷിക്കപ്പെട്ടു എന്ന് സകലരും വിശ്വസിക്കുന്ന കേസന്വേഷണം അന്നും പൊലീസ് തുടർന്ന് കൊണ്ടിരുന്നു.
പതിയെ തുടങ്ങി സിനിമയുടെ മദ്ധ്യഭാഗത്തോടടുത്ത് ഒന്ന് ഞെട്ടിച്ച് പിന്നീടങ്ങോട്ട് പ്രേക്ഷകനിൽ ആകാംഷയും ചിന്തയും നിറച്ചാണ് ചിത്രത്തിന്റെ പോക്ക്. ജോർജുക്കുട്ടി ഇനിയെന്ത് ചെയ്യും, ഇനി എന്തെങ്കിലും ചെയ്യാൻ സാദ്ധ്യമാണോ എന്ന ചിന്തക്ക് രണ്ടടി മുന്നിലാണ് നായകകഥാപാത്രം എന്ന് ചിത്രത്തിന്റെ അവസാനം പ്രേക്ഷകൻ ഒരു ആശ്ചര്യത്തോടെ തിരിച്ചറിയും. ആ തിരിച്ചറിവ് കയ്യടിയായി ആദ്യ ചിത്രത്തിന്റെ ക്ലൈമാക്സിൽ തീയേറ്ററുകളിൽ നിറഞ്ഞെങ്കിൽ ഇത്തവണ അത് വാട്ട്സാപ്പിലും ഫേസ്ബുക്കിലും സ്റ്റാറ്റസുകളായി നിറയുമെന്നുറപ്പ്.
രൂപത്തിലെ മാറ്റം ഭാവത്തിലില്ല
അദ്യ ഭാഗത്തിലെ മോഹൻലാൽ ഒരു തനി സാധാരണക്കാരന്റെ ഗെറ്റപ്പായിരുന്നു. രണ്ടാം ഭാഗത്തെത്തിയപ്പോൾ ആൾക്ക് ചെറിയ രൂപമാറ്റം വന്നിട്ടുണ്ട്. ഇപ്പോൾ ഒരു സ്റ്റൈലൻ താടിയുണ്ട്. എന്നാൽ ആൾ ഒട്ടും മാറിയിട്ടില്ല. പ്രസന്നവദനനായ കുടുംബസ്ഥനായ അതേ വ്യക്തിയാണ് അയാളിപ്പോഴും. ആ മുഖത്തിൽ നിന്നോ പ്രവൃത്തിയിൽ നിന്നോ അന്ന് ആർക്കും ഒന്നു ഗണിച്ചെടുക്കാൻ കഴിയുമായിരുന്നില്ല. ഇപ്പോഴും അങ്ങനെ തന്നെ. തന്റെ കരിയിറിലെ ഏറ്റവും ശ്രദ്ധ നേടിയ വേഷങ്ങളിലൊന്ന് രണ്ടാം ഭാഗത്തിലും മികവുറ്റതാക്കാൻ മോഹൻലാൽ എന്ന് അതുല്യ പ്രതിഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഓരോ സുക്ഷ്മഭാവവും അളന്ന് തിട്ടപ്പെടുത്തിയ പോലെയാണ് അദ്ദേഹം സ്ക്രീനിൽ അവതരിപ്പിച്ചത്. ജോർജുക്കുട്ടി ആരാണ് എന്ന് ഇപ്പോഴും അവശേഷിക്കുന്ന ചോദ്യമാകുന്നത് മോഹൻലാലിന്റെ പ്രകടനം കൊണ്ട് കൂടിയാണ്.
ഒന്നാം ഭാഗത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിച്ച മീന, അൻസിബ, എസ്തർ, സിദ്ദിഖ്, നാരായണൻ നായർ തുടങ്ങിയവർ തന്മയത്വത്തോടെയുള്ള പ്രകടനമാണ്. ആദ്യ ഭാഗത്തിന്റെ തുടർച്ചയെന്നോണം രണ്ടാം ഭാഗത്തിലും ആശാ ശരത് മികച്ചു നിന്നു. ഗീത പ്രഭാകർ എന്ന പൊലീസ് ഉദ്യോഗസ്ഥ രാജിവച്ചുവെങ്കിലും അവരുടെ തീക്ഷ്‌ണതയ്ക്ക് ഒട്ടു കുറവ് വന്നിട്ടില്ല ദൃശ്യം 2ൽ. അന്വേഷണത്തിന് ചുക്കാൻ പിടിക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥനായി മുരളി ഗോപിയുടെ കഥാപാത്രം മികച്ചതാണ്. അഞ്ജലി നായർ, സായികുമാർ, സുമേഷ് ചന്ദ്രൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളവതരിപ്പിച്ചു.

ജോർജുക്കുട്ടിയുടെ ജീവിതം എന്ന തടവറ
സകലരെയും ആദ്യ സിനിമയിൽ കബളിപ്പിക്കുന്ന ജോർജുക്കുട്ടി അവിടന്നങ്ങോട്ട് സുഖപ്രദമായ ജീവിതമല്ല. ജീവിതത്തിൽ ഒരിക്കലും അയാൾക്ക് സമാധാനം കാംക്ഷിക്കാനാകുമെന്ന പ്രതീക്ഷയുമില്ല. നിയമത്തിന്റെ പിടിയിൽ നിന്ന് എത്ര കണ്ട് രക്ഷപ്പെട്ടാലും അയാളുടെ ജീവിതം എന്നത് ഇങ്ങനെയൊരു ആജീവനാന്ത ശിക്ഷയാണ്. എന്നാൽ അത് അയാൾ അയാൾക്ക് വിധിച്ചതാണ്. നിയമത്തിനും മറ്റൊരാൾക്കും തന്റെ കുടുംബവും ജീവിതവും വിധിക്കായി വച്ച് നീട്ടാൻ അയാൾ തയ്യാറല്ല. അഥവാ അതിനെരാൾക്ക് കഴിയുന്നെങ്കിൽ അത് ജോർജുക്കുട്ടിയെ മനസിലാകുന്ന ഒരാൾ മാത്രമാകും. അയാളാരെന്ന് മനസിലാക്കുക എന്നാൽ കഷ്ടപ്പാടല്ല, അസാധ്യമായ കാര്യമെന്ന് പറയേണ്ടി വരും. വരും വരായ്കകൾ എല്ലാം അയാളുടെ മനസ്സിലുണ്ട്, മറ്റാരും അറിയാതെ.
'പെർഫെക്ട് സീക്വൽ'
മികച്ച ഒരു സിനിമയുടെ രണ്ടാം ഭാഗമെടുക്കുകയെന്നാൽ അത് നിസാരമല്ല. ആദ്യ സിനിമയുടെ മികവിന്റെ അളവുകോൽ രണ്ടാം സിനിമയുടെ മുകളിൽ അറക്കവാളായി ഉണ്ടാകും. ആ ദൗത്യത്തിൽ ജിത്തു ജോസഫ് എന്ന സംവിധായകൻ ഒരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ്. ഏച്ചുക്കെട്ടുകൾ ഒട്ടുമില്ലാതെ ആദ്യ ഭാഗത്തിനൊത്ത രണ്ടാം ഭാഗമാണ് ദൃശ്യം 2. ഒന്നാം ഭാഗത്തിന്റെ ശേഷം എന്തൊക്കെ ജോർജുക്കുട്ടിയുടെ കുടുംബത്തിന് സംഭവിച്ചേക്കാം എന്നൊരു പ്രേക്ഷകന് തോന്നിക്കാണുമോ അതൊക്കെ തന്നെയാണ് ചിത്രത്തിന് ആധാരം. എന്നാൽ പ്രേക്ഷകന്റെ തോന്നലുകൾക്കപ്പുറം കഥാതന്തുവിനെ കൊണ്ടു പോകുവാനും അത് അങ്ങേയറ്റം ബോധിപ്പിക്കുന്ന വിധം എടുത്തു ഫലിപ്പിക്കുകയും ചെയ്തിരിക്കുകയാണ് ജീത്തു ജോസഫ് എന്ന ക്രാഫ്റ്റ്സ്മാൻ. ദൃശ്യത്തിന് ശേഷമുള്ള 7 വർഷത്തിനിടയിൽ ഇതിനേക്കാൾ മികച്ച് നിൽക്കുന്ന ഒരു സിനിമ അദ്ദേഹം ചെയ്തിട്ടില്ല എന്ന് ഉറപ്പിച്ച് പറയാനാകും.
മഹാമാരി പിടിച്ചുലച്ച മേഖലകളിലൊന്നാണ് സിനിമ. തീയേറ്ററുകൾ തുറന്നുവെങ്കിലും പണ്ടത്തെ പോലൊരു തള്ളിക്കയറ്റം ഇത് വരെയുണ്ടായിട്ടില്ല. മലയാള സിനിമയ്ക്ക് ഉണർവ്വാകുമായിരുന്ന ഒരു ചിത്രം തന്നെയായിരുന്നു ദൃശ്യം 2. ഈ ചിത്രം ഒടിടിയിൽ മാത്രം ആഘോഷിക്കപ്പെടുമ്പോൾ നഷ്ടം സിനിമാപ്രേമിയ്ക്കും തിയേറ്ററുകൾക്കുമാണ്. മികച്ച ഒരു തിയേറ്റർ അനുഭവമാകേണ്ടിയിരുന്ന ചിത്രമാണിത്.
വാൽക്കഷണം-ചരിത്രം ആവർത്തിക്കുന്ന വിസ്മയം
റേറ്റിംഗ്-4/5