
ജമ്മു: ദക്ഷിണ കാശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാസൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ സൈന്യം വധിച്ചു. പൊലീസുകാരൻ വീരമൃത്യുവരിക്കുകയും മറ്റൊരു പൊലീസുകാരന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇവിടെ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോർട്ട്.
ഷോപ്പിയാനിൽ ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. ലഷ്കർ ഇ തയ്ബ ഭീകരരാണ് ഇവിടെ കൊല്ലപ്പെട്ടത്. ഇവർ വിദേശികളെന്നാണ് സൈന്യം നൽകുന്ന സൂചന. ഇവരിൽ നിന്ന് ആയുധങ്ങളും വെടികോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്ത് പൊലീസും സൈനികരും തിരച്ചിൽ തുടരുകയാണ്. ഏറ്റുമുട്ടലിൽ പൊലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് അൽത്താഫാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ പൊലീസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബീർവാ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്.