
കോവളം: വിഴിഞ്ഞം തീരം ക്രൂ ചെയ്ഞ്ചിംഗിൽ 150 പിന്നിടുമ്പോഴും അന്താരാഷ്ട്ര ബങ്കറിംഗ് ഹബ് (കപ്പലുകൾ ഇന്ധനം നിറയ്ക്കുന്ന സംവിധാനം) എന്ന സ്വപ്നം ഇനിയും അകലെ. നൂറാമത്തെ കപ്പൽ എത്തിയതോടെയാണ് വിഴിഞ്ഞത്തെ ക്രൂ ചെയ്ഞ്ചിംഗിനോടൊപ്പം ബങ്കറിംഗ് ഹബ്ബാക്കി മാറ്റുമെന്ന് തുറമുഖ വകുപ്പ് മന്ത്രി പറഞ്ഞത്. എന്നാൽ നാളുകൾ പിന്നിട്ടിട്ടും തുടർനടപടികൾ ഉണ്ടാകാത്തതാണ് തിരിച്ചടിയായത്. ബങ്കറിംഗ് ആരംഭിച്ചാൽ കൂടുതൽ വലിയ കപ്പലുകൾ ഇന്ധനം നിറയ്ക്കാൻ എത്തുന്നതോടൊപ്പം ധാരാളം ഏജൻസികളും വിഴിഞ്ഞെത്തെത്തുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
കൂടാതെ ഇതുവരെ കൊളംബോ തുറമുഖം കൈകാര്യം ചെയ്തിരുന്ന നല്ലൊരുഭാഗം ഇന്ത്യൻ ട്രാൻസ്ഷിപ്പ്‌മെന്റ് കാർഗോയും വിഴിഞ്ഞത്തെത്തും. ഇന്ത്യയിലെ കയറ്റുമതിക്കാർക്കും ഇറക്കുമതിക്കാർക്കും മികച്ച അവസരം ഇതിലൂടെ കൈവരും. ദുബായ്, കൊളംബോ, സലാല, സിംഗപ്പൂർ തുടങ്ങിയ തുറമുഖങ്ങൾക്ക് പകരം വിഴിഞ്ഞം വഴി ട്രാൻസ്ഷിപ്‌മെന്റ് നടത്തുമ്പോൾ 1500കോടിയോളം രൂപയും വിദേശനാണ്യം ലഭിക്കുമെന്നതും മറ്റൊരുനേട്ടമാണ്.
ക്രൂ ചെയ്ഞ്ചിംഗിൽ കുതിപ്പ്
കഴിഞ്ഞ കുറച്ചുമാസങ്ങളിൽ മറ്റ് തുറമുഖങ്ങളേക്കാൾ ക്രൂ ചെയ്ഞ്ചിംഗാണ് വിഴിഞ്ഞത്ത് നടക്കുന്നത്. ഇക്കാര്യത്തിൽ ചെന്നൈ, മുംബയ് തുറമുഖങ്ങളോട് കിടപിടിക്കുന്ന മുന്നേറ്റമാണുണ്ടായത്.
കൊച്ചിൻപോർട്ടിൽ കഴിഞ്ഞ രണ്ട് മാസങ്ങളിൽ ഇക്കാര്യത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. എന്നാൽ വിഴിഞ്ഞത്ത് ദിവസവും രണ്ടിൽ കുറയാത്ത കപ്പലുകൾ ജീവനക്കാരെ മാറ്റിക്കയറ്റുന്നതിന് എത്തുന്നുണ്ട്.
ഇതര തുറമുഖങ്ങളെക്കാളും 40 ശതമാനം ചെലവ് കുറവാണെന്നത് ഷിപ്പിംഗ് കമ്പനികളെ ആകർഷിക്കുന്ന ഘടകമാണ്. ക്രൂ ചെയ്ഞ്ചിംഞ്ചിംഗിന്റെ ഭാഗമായി വിഴിഞ്ഞത്ത് വിവിധ ഓഫീസുകൾ പൂർത്തിയാകുന്നുണ്ട്. ഇതിന്റെ ഉദ്ഘാടനം ഈ മാസം അവസാനം നടത്താനാണ് തീരുമാനം.
കാത്തിരിക്കുന്നനേട്ടങ്ങൾ
ബങ്കറിംഗ് ഹബ് യാഥാർത്ഥ്യമായാൽ അന്താരാഷ്ട്ര ചാനൽവഴി സഞ്ചരിക്കുന്ന കപ്പലുകൾക്ക് വിഴിഞ്ഞത്ത് തമ്പടിക്കുന്നതിനും ഇന്ധനം നിറയ്ക്കാനും കഴിയും. ഇതോടെ സാമ്പത്തിക രംഗത്തും തൊഴിൽമേഖലയിലും കൂടുതൽ ഉണർവുണ്ടാകും. കപ്പലുകൾക്കായി ഒട്ടേറെ ഓഫീസുകൾ തുറക്കുന്നതിനൊപ്പം ഇവയുമായി ബന്ധപ്പെട്ട് ധനകാര്യ സ്ഥാപനങ്ങൾ, വർക്ക്‌ഷോപ്പുകൾ, ബാങ്കുകൾ തുടങ്ങിയ പുതിയ സ്ഥാപനങ്ങളും വിഴിഞ്ഞത്ത് പ്രവർത്തനമാരംഭിക്കുമെന്നതും മറ്രൊരുനേട്ടമാണ്.
വിഴിഞ്ഞത്തിന്റെ സാദ്ധ്യതകൾ
അന്താരാഷ്ട്ര കപ്പൽ ചാനലിലേക്ക് ദൂരം കുറവ്
തീരത്തെ വിശാലമായ പശ്ചാത്തല സൗകര്യങ്ങൾ
മദർഷിപ്പടക്കം 30 കപ്പലുകൾക്ക് നങ്കൂരമിടാം
വിസ്തൃതമായ കണ്ടെയ്നർ യാർഡ്
ഇന്ധനം നിറയ്ക്കാനുള്ള ബങ്കറിംഗ് യാർഡ്
തീരത്തിനടുത്ത് അഴിമുഖങ്ങൾ ഇല്ല