pm-modi

ഭോപ്പാൽ: ദിനംപ്രതി രാജ്യത്ത് ഇന്ധനവില കൂടിക്കൊണ്ടിരിക്കുകയാണ്. പല സംസ്ഥാനങ്ങളിലും പെട്രോൾ വില നൂറ് കടന്നു. എന്നാൽ ഇന്ധനവിലയെ ചൊല്ലി പ്രധാനമന്ത്രി നരേന്ദ്രമോദിയെ പഴിക്കുന്നതിന് പകരം അദ്ദേഹത്തെ പ്രശംസിക്കണമെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മദ്ധ്യപ്രദേശ് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ്.

പെട്രോളിനും ഡീസലിനും പകരം സൗരോർജ്ജവും വൈദ്യുതോർജ്ജവും ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇന്ധനവില നിയന്ത്രിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് മോദി ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗതാഗതമേഖലയിൽ സൗരോജ്ജം ഉപയോഗപ്പെടുത്തി അന്താരാഷ്ട്ര ഇന്ധനവില നിയന്ത്രിക്കാനുള്ള ഏർപ്പാട് മോദി ചെയ്തു കഴിഞ്ഞുവെന്ന് സാരംഗ് പ്രസ്താവിച്ചു.

ആവശ്യകതയും വിതരണവുമാണ് ആഗോള വിപണിയിൽ വില നിർണയിക്കുന്നത്. ആവശ്യകത കുറയുമ്പോൾ സ്വാഭാവികമായും വിലയിലും കുറവ് വരും. ഈ ലക്ഷ്യം മുൻനിർത്തിയാണ് കേന്ദ്രസർക്കാർ ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നത്. ഇതിലൂടെ ഇന്ധന വില കുറയ്ക്കാൻ സാധിക്കും.- അദ്ദേഹം പറഞ്ഞു. പുനരുപയോഗിക്കാവുന്ന ഊർജ്ജത്തെ കുറിച്ചും ഇലക്ട്രിക് വാഹനങ്ങൾക്ക് 10,000 കോടി രൂപയുടെ സബ്‌സിഡി അനുവദിക്കുന്ന കാര്യവും മോദി കഴിഞ്ഞയാഴ്ച സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാരംഗിന്റെ പ്രസ്താവന.