canera-

പത്തനംതിട്ട : അബാൻ ജംഗ്ഷനിലുള്ള കാനറ ബാങ്ക് ശാഖയിൽ നിന്ന് ഏഴുകോടിയോളം രൂപ തട്ടിയെടുത്ത ജീവനക്കാരൻ കുടുംബത്തോടൊപ്പം മുങ്ങി. വിമുക്തഭടനും ബാങ്കിലെ ക്ലർക്കുമായ കൊല്ലം ആവണീശ്വരം കോടിയാട്ട് ജ്യോതിസിൽ വിജീഷ് വർഗീസ് (36) ആണ് തട്ടിപ്പ് നടത്തിയത്.

കഴിഞ്ഞ 11ന് തുമ്പമൺ ശാഖയിലെ ഒരു ജീവനക്കാരന്റെ ഭാര്യയുടെ സ്ഥിര നിക്ഷേപ അക്കൗണ്ടിലെ 9.70 ലക്ഷം രൂപ പിൻവലിച്ചതായി അറിഞ്ഞതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. തുക പിൻവലിച്ച് അക്കൗണ്ട് ക്ലോസ് ചെയ്തതായി കണ്ട അക്കൗണ്ട് ഉടമ മാനേജരോട് അന്വേഷിച്ചപ്പോൾ നടത്തിയ പരിശോധനയിൽ വിജീഷാണ് പണമെടുത്തതെന്ന് കണ്ടെത്തി.

ഈ തുക തിരികെ അക്കൗണ്ടിലിട്ട് പരാതി ഇല്ലാതാക്കാൻ വിജീഷ് ശ്രമിച്ചിരുന്നു . തനിക്ക് അബദ്ധം പറ്റിയതാണെന്നാണ് അന്ന് ഇയാൾ ബാങ്ക് അധികൃരോട് പറഞ്ഞത്. പണം നഷ്ടപ്പെട്ടതായി കൂടുതൽ പേർ പരാതിപ്പെട്ടപ്പോൾ ബാങ്ക് അധികൃതർ പരിശോധന നടത്തുന്നതറിഞ്ഞ് വിജേഷ് പിന്നീട് ജോലിക്കെത്തിയില്ല.

ബാങ്കിന്റെ പാസ് വേഡ് മനസിലാക്കി വിജേഷാണ് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തിയതോടെ 14നാണ് ബാങ്ക് പൊലീസിൽ പരാതി നൽകിയത്. അടുത്ത ബന്ധുക്കളുടെയും ഭാര്യയുടെയും പേരിലേക്കാണ് തുക മാറ്റിയത്. പൊലീസ് അന്വേഷിച്ചെത്തിയെങ്കിലും വിജീഷും കുടുംബവും നേരത്തെ ഒളിവിൽ പോയിരുന്നു. മറ്റ് സംസ്ഥാനങ്ങളിലേക്ക് കടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതായി പൊലീസ് പറയുന്നു. നേരത്തെ സിൻഡിക്കേറ്റ് ബാങ്കിന്റെ ശാഖയായിരുന്ന ബാങ്ക് പിന്നീട് കാനറാ ബാങ്കിൽ ലയിപ്പിക്കുകയായിരുന്നു. വിജീഷ് 2019 ലാണ് ജോലിയിൽ പ്രവേശിച്ചത്.